'തമിഴ്‌നാട്ടിലെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നിന്ന് ഹിന്ദി എടുത്തുകളയണം'; മോദിയോട് എംകെ സ്‌റ്റാലിൻ
ചെന്നൈ: തമിഴ്‌നാട്ടിലെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നിന്ന് ഹിന്ദി എടുത്തുകളയണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നരേന്ദ്ര മോദിയുടെ തമിഴിനോടുള്ള സ്നേഹം പ്രവർത്തനത്തിൽ പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്‌റ്റാലിൻ ചോദിച്ചു. സംസ്‌കൃതത്തിനും തമിഴിനും അനുവദിച്ച ഫണ്ടുകളിലെ വലിയ അന്തരം ചൂണ്ടിക്കാട്ടിയാണ് എംകെ സ്‌റ്റാലിൻ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തമിഴ്‌നാടും കേന്ദ്രവും തമ്മിലുള്ള പോരാട്ടമായി സ്‌റ്റാലിനും പാർട്ടിയും ചിത്രീകരിക്കുന്ന വേളയിലാണ് അവരുടെ ഏറ്റവും പുതിയ ആവശ്യം. ഡിഎംകെ കേഡർക്ക് അയച്ച കത്തിന്റെ എട്ടാം ഭാഗത്തിൽ, കേന്ദ്രസർക്കാരിന്റെ ഓഫീസുകളിൽ നിന്ന് പ്രധാനമന്ത്രി ആദ്യം ഹിന്ദി എടുത്തുകളയണം എന്നാണ് സ്‌റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദിക്ക് തുല്യമായി തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനുപകരം അതാണ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി സ്‌റ്റാലിൻ ചൂണ്ടിക്കാട്ടി. കൂടാതെ തിരുവള്ളുവരെ കാവിവൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും തിരുക്കുറലിനെ ഇന്ത്യയുടെ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായി ത്രിഭാഷാ ഫോർമുല നടപ്പാക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുകയും ഇതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായും സ്‌റ്റാലിൻ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ കടുത്ത ഭാഷയിലാണ് കേന്ദ്രത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സ്‌റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധിയും നടത്തിയത്.
സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകൾക്ക് പോലും സംസ്‌കൃത-ഹിന്ദി പേരുകൾ നൽകി തമിഴ്‌നാട്ടിലെ ജനങ്ങളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാരിരെന്നും ഡിഎംകെ അധ്യക്ഷൻ ആരോപിച്ചിരുന്നു. തമിഴ്‌നാട്ടിലെ ട്രെയിനുകളിൽ അന്ത്യോദയ, തേജസ്, വന്ദേ ഭാരത് എന്നിവ വേണ്ടെന്നും തമിഴ് പേരുകൾ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന് 167 കോടി രൂപ മാത്രം അനുവദിച്ചപ്പോൾ സംസ്‌കൃത സർവകലാശാലകൾക്കായി 2014-2023 കാലയളവിൽ 2435 കോടി രൂപ അനുവദിച്ചതായി സ്‌റ്റാലിൻ ചൂണ്ടിക്കാട്ടി. ഫണ്ടുകളിലെ ഈ അന്തരമാണ് ഡിഎംകെ പ്രധാനമായും ഉയർത്തികാട്ടുന്നത്.
അടുത്തിടെയാണ് വിഷയത്തിൽ കേന്ദ്രവും തമിഴ്‌നാടും തമ്മിലുള്ള പരസ്യമായ പോരാട്ടം ആരംഭിച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയില്ലെങ്കിൽ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷയുടെ കീഴിൽ ഫണ്ട് ലഭിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഭിന്നത മുറുകിയത്.












Click it and Unblock the Notifications