ഖത്തർ അമീറുമായി സംസാരിച്ച് മോദി; ഇസ്രായേലിന്റെ ആക്രമണത്തെ തള്ളി, 'പരമാധികാര ലംഘനം അപലപിക്കുന്നു'
ന്യൂഡൽഹി: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലുണ്ടായ ഇസ്രായേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. വിദേശ എംബസികളും സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നടന്ന ആക്രമണത്തിൽ ആറ് പേർ മരിച്ചിരുന്നു.
മേഖലയിലെ സുരക്ഷയെയും സംഘർഷ സാധ്യതകളെയും കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സ്ഥിരതയും നിലനിർത്താൻ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

എക്‌സിലെ ഒരു പോസ്‌റ്റിലൂടെ പ്രധാനമന്ത്രി തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. 'ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചു. ദോഹയിലെ ആക്രമണങ്ങളിൽ അതിയായ ആശങ്ക രേഖപ്പെടുത്തി. സഹോദര രാജ്യമായ ഖത്തറിന്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു' എന്നാണ് മോദി എക്‌സിൽ കുറിച്ചത്.
പരമാധികാരത്തോടുള്ള ബഹുമാനം, അന്താരാഷ്ട്ര നിയമങ്ങൾ, സംഘർഷങ്ങളിലെ സമാധാനപരമായ പരിഹാരം എന്നിവയോടുള്ള ഇന്ത്യയുടെ ദീർഘകാല നിലപാടാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. 'മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ ഉറച്ചു പിന്തുണ നൽകുന്നു, എല്ലാ തരം ഭീകരതയ്ക്കും എതിരാണ്' എന്നും അദ്ദേഹം കൂട്ടിചേർത്തു.
നിലവിലെ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെ പ്രശംസിച്ചു. വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മുൻകൈകൾ ഉൾപ്പെടെ ഗാസയിൽ ഖത്തറിന്റെ മധ്യസ്ഥ പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തുപറയുകയും ചെയ്‌തു.
ഖത്തർ അമീറുമായി സംസാരിച്ചതിലൂടെ അവരോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ഇത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയുടെ സൂചന കൂടിയാണ്. സംഘർഷ മേഖലകളിൽ സംഭാഷണത്തിനും അഹിംസയ്ക്കും സ്ഥിരതയ്ക്കും വേണ്ടി വാദിക്കുന്ന ഇന്ത്യയുടെ വിദേശനയ സമീപനത്തിന്റെ അടയാളം കൂടിയാണ് ഇത്.
അതേസമയം, ഖത്തർ ജനതയോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യ സന്ദേശത്തിന് മോദിയോട് ഷെയ്ഖ് തമീം നന്ദി പറഞ്ഞു. ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തത്തിന്റെ സ്ഥിരമായ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും പരസ്‌പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്‌തു.
അതിനിടെ ഹമാസിന്റെ കണക്കനുസരിച്ച്, ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ ഹമാസ് നേതാക്കളുടെ മൂന്ന് അംഗരക്ഷകരും ഉൾപ്പെടുന്നു. ഖലീൽ അൽ-ഹയ്യയുടെ മകൻ ഹമ്മാം അൽ-ഹയ്യയും ഓഫീസ് മാനേജർ ജിഹാദ് ലബാദും കൊല്ലപ്പെട്ടതായി ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ അൽ-ഹിന്ദി പറഞ്ഞു.
നിലവിൽ ഖത്തർ മണ്ണിൽ നടന്ന അപൂർവ സൈനിക ആക്രമണമായി ഈ സംഭവം അടയാളപ്പെടുത്തുകയും അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെടാൻ കാരണമാവുകയും ചെയ്‌തിട്ടുണ്ട്. അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ലോക നേതാക്കൾ ഇതിനെ അപലപിച്ചുകൊണ്ട് പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയും ഇസ്രായേൽ ആക്രമണത്തെ തള്ളിപറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications