2020 മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 5 ലക്ഷത്തിലധികം പേർ; 2022 ൽ മാത്രം 2 ലക്ഷത്തിലധികം
ഡൽഹി: 2020 മുതൽ 5,61,272 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വർഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണ്. 2011 ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ഇന്ത്യക്കാരുടെ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോൺഗ്രസ് എംപി കാർത്തി ചിദംബരമായിരുന്നു ഇത് സംബന്ധിച്ച് ചോദ്യം ഉയർത്തിയത്.
2020 ൽ 85,256 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ ഈ കണക്കുകളിൽ വലിയ വർധനവാണ് ഉണ്ടായത്. 2021-ൽ 1,63,370 പേരാണ് പൗരത്വം വേണ്ടെന്ന് വെച്ചത്. 2011 മുതൽ 17,50,466 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജൂൺ വരെ 87,026 പേർ പൗരത്വം ഉപേക്ഷിച്ചതായും മന്ത്രി വ്യക്തമാക്കി. തൊഴിലില്ലായ്മയാണ് ആളുകളെ പൗരത്വം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.'ജോലി സംബന്ധമായി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വളരെ കൂടുതലാണ്. അവരിൽ പലരും വ്യക്തിപരമായ സൗകര്യങ്ങൾ പരിഗണിച്ചാണ് വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നത്', അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും മന്ത്രി പങ്കുവെച്ചു. സുഡാൻ, യെമൻ, മ്യാൻമർ, അതുപോലെ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കടമക്കമാണ് ഇന്ത്യക്കാർ കുടിയേറിയത്.












Click it and Unblock the Notifications