ഇനി വർക്ക് ഫ്രം ഹോം ഇല്ല, ഓഫീസിലെത്തണം, വൈറ്റ്ഹാറ്റിൽ നിന്ന് 800 പേർ രാജിവെച്ചു
ബംഗളൂരു: കോഡിംഗ് പഠിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയറിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 800- ലധികം മുഴുവൻ സമയ ജീവനക്കാർ രാജിവച്ചതായി റിപ്പോർട്ട്. വർക്ക് ഫ്രം ഹോമിൽ നിന്ന് ഓഫീസിലേക്ക് മടങ്ങാൻ ആഗ്രഹിക്കാത്തതിനാലാണ് ഇവർ രാജിവെച്ചത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2020ൽ വൈറ്റ്ഹാറ്റ് ജൂനിയറിനെ ബൈജൂസ് കമ്പനി ഏറ്റെടുത്തിരുന്നു.
കമ്പനിയുടെ ജീവനക്കാർ ഒരു മാസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ഗുരുഗ്രാം തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ വൈറ്റ്ഹാറ്റ് ജൂനിയറിന്റെ ഓഫീസുകളിലേക്ക് ജോലിക്കായി മടങ്ങണമെന്ന് മാർച്ച് 18 ന് കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഓഫീസ് ഉത്തരവ് പാലിക്കുന്നതിന് പകരം കൂട്ട രാജിയാണ് പിന്നീടുണ്ടായത്. ഇത് ചെലവ് ചുരുക്കൽ നടപടിയാണെന്നും കൂടുതൽ രാജികൾ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചില ജീവനക്കാർ പറഞ്ഞു. ബൈജുവിന്റെ ഏറ്റെടുക്കലിനും വൈറ്റ്ഹാറ്റ് ജൂനിയർ സ്ഥാപകൻ കരൺ ബജാജിന്റെ പുറത്തുകടക്കലിനും ശേഷം കാര്യങ്ങൾ മാറിമറിഞ്ഞതായും അവർ പറഞ്ഞു.

കരൺ ബജാജ് കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് വരെ കാര്യങ്ങൾ സുഗമമായിരുന്നുവെന്നു. ബൈജൂസ് 300 മില്യൺ ഡോളറിന് വൈറ്റ്ഹാറ്റ് ജൂനിയർ സ്വന്തമാക്കിയതിന് ഒരു വർഷം കഴിഞ്ഞ് 2021 ഓഗസ്റ്റിൽ ആണ് കരൺ ബജാജ് ഈ കമ്പനി വിട്ടത്. ഇതിന് ശേഷമാണ് ജീവനക്കാർക്ക് മാനേജുമെന്റുമായി പല പ്രശ്നങ്ങൾ ഉണ്ടായത് എന്നും ഇവർ പറയുന്നു. അതിനിടെ കമ്പനി പുതിയ പ്രസ്താവനയും ഇറക്കി. "ഞങ്ങളുടെ ജോലിയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി, ഞങ്ങളുടെ മിക്ക സെയിൽസ് ആൻഡ് സപ്പോർട്ട് ജീവനക്കാരോടും ഏപ്രിൽ 18 മുതൽ ഗുഡ്ഗാവ്, മുംബൈ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്. മെഡിക്കൽ, വ്യക്തിഗത ആവശ്യങ്ങൾക്കായി, ആവശ്യാനുസരണം സ്ഥലംമാറ്റ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അധ്യാപകർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരും." കമ്പനി ഇറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.
അതേ സമയം ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ നിന്ന് ജോലി ചെയ്യാൻ ടെക് ഭീമൻമാരായ ആപ്പിളും ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ആപ്പിളിന്റെ ജീവനക്കാർ രം ഗത്ത് വന്നിരുന്നു. ദി വെർജിയർലിയറിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആപ്പിൾ സിഇഒ ടിം കുക്കിന്റെ സമ്മർദ്ദത്തെത്തുടർന്ന് മെഷീൻ ലേണിംഗ് ഡയറക്ടർ ഇയാൻ ഗുഡ്‌ഫെല്ലോ ഈ മാസം ആദ്യം രാജിവച്ചിരുന്നു. 76 ശതമാനം ജീവനക്കാരും കമ്പനിയിൽ ചെന്നുള്ള ജോലി ഇഷ്ടപ്പെടുന്നില്ല എന്ന് പിന്നീട് നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞിരുന്നു.












Click it and Unblock the Notifications