ഗര്‍ഭിണിയായ മകളെ അമ്മ വെട്ടിക്കൊന്നു
ദില്ലി: ഗര്‍ഭിണിയായ മകളെ അമ്മ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ മുദ്ഗല്‍ ഗ്രാമത്തിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തിയ ഇവര്‍ തന്റെ മകളെ ആരോ കൊന്നു എന്ന് പരാതി നല്‍കുകയായിരുന്നു.
മകളെ കൊലപ്പെടുത്തിയ ശേഷം പണവും ആഭരണങ്ങളും എടുത്ത് അജ്ഞാതരായ സംഘം രക്ഷപ്പെട്ടു എന്നായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരിയെ രഹസ്യമായി നിരീക്ഷിച്ചതോടെയാണ് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം പുറത്ത് വന്നത്.

പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണ് എന്നറിഞ്ഞതിലുള്ള ദേഷ്യം കൊണ്ട് താന്‍ തന്നെ മകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇവര്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു. മകള്‍ക്ക് 16 വയസ്സേ ആയിരുന്നുള്ളൂ. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല.
നാല് മാസം ഗര്‍ഭിണിയായിരുന്നു പെണ്‍കുട്ടി. ആരാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് അമ്മയോട് പെണ്‍കുട്ടി പറഞ്ഞിരുന്നില്ല. മാത്രമല്ല, അബോര്‍ഷന്‍ നടത്താനും പെണ്‍കുട്ടി സമ്മതിച്ചില്ല. മറ്റൊരു പോംവഴിയും മുന്നിലില്ലാതിരുന്നതിനാലാണ് മകളെ കൊലപ്പെടുത്തേണ്ടി വന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ മകളെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന മകളെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വ്യാജ പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാന്‍ വന്ന സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പോലീസ് ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങിയതെന്ന് ഡെപ്യൂട്ടി ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.












Click it and Unblock the Notifications