മധ്യപ്രദേശ് ഫലം: 'മുഖ്യമന്ത്രി' കമല്‍നാഥിന് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസിന്റെ ബാനര്‍, വോട്ടെണ്ണലില്‍ പിന്നില്‍
ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കമല്‍നാഥിനെ മുഖ്യമന്ത്രിയായി അവരോധിച്ച് ബാനറുകള്‍. ഭോപ്പാലിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് ഞായറാഴ്ച രാവിലെയാണ് കൂറ്റന്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയായതിന് ബഹുമാനപ്പെട്ട കമല്‍നാഥിന് അഭിനന്ദനങ്ങള്‍ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനര്‍.
വോട്ടെണ്ണലിന് മുന്നോടിയായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും എക്സില്‍ അഭിനന്ദന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തു. 'എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. എല്ലാ കോണ്‍ഗ്രസ് കൗണ്ടിംഗ് ഏജന്റുമാരും ജാഗ്രത പാലിക്കാനും ന്യായമായ വോട്ടെണ്ണല്‍ നടത്താനും അഭ്യര്‍ത്ഥിക്കുന്നു', മുഖ്യമന്ത്രി ദിഗ്വിജയ സിംഗ് പറഞ്ഞു.

അതേസമയം കമല്‍നാഥിന് അഭിനന്ദനമറിയിച്ചുള്ള ബാനറിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് സ്ഥാപിച്ചവരോട് ചോദിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനിടെ സംസ്ഥാനത്ത് ആദ്യഫലസൂചനകളില്‍ കോണ്‍ഗ്രസ് പിന്നിലാണ്. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യ റൗണ്ട് ഇ വി എം എണ്ണാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ബി ജെ പി 101 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് 75 സീറ്റില്‍ ആണ് ലീഡ് ഉള്ളത്.
എന്നാല്‍ സംസ്ഥാനത്ത് മികച്ച വിജയം നേടും എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 'ഫലങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളെക്കാള്‍ മികച്ചതായിരിക്കും. ഞങ്ങള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്തുകയാണ്. മധ്യപ്രദേശില്‍ ഞങ്ങള്‍ അധികാരം തിരിച്ചുപിടിക്കുകയും തെലങ്കാനയില്‍ അധികാരം നേടുകയും ചെയ്യും,' കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
ഭരണകക്ഷിയായ ബിജെപി 2003 മുതല്‍ ആധിപത്യം പുലര്‍ത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇത്തവണയും അധികാരം നിലനിര്‍ത്തുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2018 ല്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു.
എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറിയതോടെ സര്‍ക്കാര്‍ വീണു. ഇതോടെ 109 സീറ്റുള്ള ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അടുത്തിടെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളില്‍ സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് പ്രവചിക്കുന്നത്. ചില എക്‌സിറ്റ് പോളുകള്‍ ബി ജെ പിക്ക് മികച്ച വിജയം പ്രവചിക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ ശക്തമായ പോരാട്ടമുണ്ടാകും എന്നാണ് അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications