ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി, ഒരു മരണം; ശിവസേന നേതാവ് കസ്റ്റഡിയില്‍
മുംബൈ: വോര്‍ളിയില്‍ ഇരുചക്രവാഹന യാത്രികരായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ ശിവസേന നേതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ശിവസേന ഉപനേതാവ് രാജേഷ് ഷായെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിലുള്ള ബിഎംഡബ്ല്യു കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ ഭാര്യ മരിച്ചിരുന്നു. ഭര്‍ത്താവിന് പരിക്കേറ്റു. വര്‍ളിയിലെ കോളിവാഡ ഏരിയയിലുള്ള കാവേരി നക്വയും അവരുടെ ഭര്‍ത്താവ് പ്രദിക് നക്വയും ആണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായും രാജ്ഋഷി ബിദാവറും ആണ് ഉണ്ടായിരുന്നത് എന്ന് വോര്‍ളി പൊലീസ് പറഞ്ഞു. രാജേഷ് ഷായെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നും മകന്‍ ഇപ്പോഴും ഒളിവിലാണ് എന്നും പൊലീസ് പറഞ്ഞു. മിഹിര്‍ ഷാ മദ്യപിച്ചാണ് വണ്ടിയോടിച്ചത് എന്നാണ് വിവരം. മിഹിര്‍ ഷായുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലെ ആട്രിയ മാളിന് മുന്നില്‍ വെച്ചായിരുന്നു അപകടം എന്ന് പൊലീസ് പറഞ്ഞു. കാവേരി നക്വയും പ്രദിക് നക്വയും മീന്‍ വാങ്ങിയ ശേഷം ബൈക്കില്‍ മടങ്ങി വരുമ്പോഴായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കാവേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്ത്രീയെ 100 മീറ്ററോളം കാര്‍ വലിച്ചിഴക്കുകയും അവര്‍ക്ക് മേല്‍ കാര്‍ കയറിയിറങ്ങുകയും ചെയ്തു. സംഭവത്തിന് ശേഷം മിഹിര്‍ ഷാ കാര്‍ നിര്‍ത്താതെ ഓടിച്ച് പോകുകയായിരുന്നു. ഇന്നലെ രാത്രി ജുഹുവിലെ ഒരു ബാറില്‍ മിഹിര്‍ ഷാ മദ്യപിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും നിയമം അതിന്റെതായ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. താന്‍ പൊലീസുമായി സംസാരിച്ചിട്ടുണ്ട് എന്നും കര്‍ശന നടപടി സ്വീകരിക്കും എന്നും ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. അതിനിടെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ വര്‍ളി പോലീസ് സ്റ്റേഷനിലെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
''ഹിറ്റ് ആന്‍ഡ് റണ്‍ പ്രതിയായ മിഹിര്‍ ഷായുടെ രാഷ്ട്രീയ ചായ്വുകളിലേക്ക് ഞാന്‍ പോകില്ല, പക്ഷേ പ്രതിയെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് ഉടനടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭരണത്തില്‍ നിന്ന് രാഷ്ട്രീയ അഭയം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. എം എല്‍ സി സുനില്‍ ഷിന്‍ഡേ ജിയും ഞാനും പ്രദിനക്വയെ കാണുകയും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു,'' മുന്‍ മന്ത്രി പറഞ്ഞു.
അതിനിടെ അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ആരോപണം ഉയരുന്നുണ്ട്. പ്രതിയെ ശിവസേനയുമായി ബന്ധിപ്പിക്കുന്ന സ്റ്റിക്കര്‍ കാറില്‍നിന്ന് പറിച്ചു കളയാന്‍ ശ്രമം നടന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റുകളില്‍ ഒന്ന് പറിച്ചെടുക്കുകയും ചെയ്തു.












Click it and Unblock the Notifications