മുംബൈയില്‍ അതിതീവ്രമഴ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി
മുംബൈ: മുംബെയില്‍ ഇന്നും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈ, രത്‌നഗിരി, റായ്ഗഡ്, സത്താറ, പൂനെ, സിന്ധുദുര്‍ഗ് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ, താനെ, നവി മുംബൈ, പന്‍വേല്‍, പൂനെ, രത്നഗിരി-സിന്ധുദുര്‍ഗിന്റെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് റോഡ്-റെയില്‍ ഗതാഗതങ്ങള്‍ പഴയ നിലയിലേക്കെത്തില്ല. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. മെട്രോപോളിസില്‍ സാധാരണ ജനജീവിതം താറുമാറായി.

ഇന്ന് രാവിലെ 7 മണിക്ക് അവസാനിച്ച ആറ് മണിക്കൂറിനുള്ളില്‍ മുംബൈയിലെ ചില പ്രദേശങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ പെയ്തു. ഇത് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ഇന്നലെ പകല്‍ മുഴുവന്‍ നഗരത്തില്‍ കനത്ത മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ സ്ഥാപിച്ചിട്ടും മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം സെന്‍ട്രല്‍ റെയില്‍വേ സര്‍വീസുകള്‍ക്ക് കാര്യമായ തടസങ്ങള്‍ നേരിട്ടു.
ലോക്കല്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം ട്രാക്കില്‍ നിര്‍ത്തിയതിനാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. മുംബൈയിലേക്കുള്ള പല ഔട്ട്സ്റ്റേഷന്‍ ട്രെയിനുകളും കുടുങ്ങിക്കിടക്കുകയാണ്. രാവിലെ സര്‍വീസ് പുനരാരംഭിച്ച സെന്‍ട്രല്‍ റെയില്‍വേയുടെ ഹാര്‍ബര്‍ ലൈന്‍ സര്‍വീസുകള്‍ ട്രാക്കുകളിലെ വെള്ളക്കെട്ട് കാരണം തിങ്കളാഴ്ച രാത്രി വീണ്ടും നിര്‍ത്തിവച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ച കുറവായതിനാല്‍ മുംബൈ വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. ഇത് കാരണം ഒരു മണിക്കൂറിലധികം റണ്‍വേ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടുകയും ഏകദേശം 50 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അലയന്‍സ് എയറിന് തിങ്കളാഴ്ച രണ്ട് വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു.
പരേല്‍, ഗാന്ധി മാര്‍ക്കറ്റ്, സംഗം നഗര്‍, മലാഡ് സബ്വേ തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പലരും ഇതര റൂട്ടുകളില്‍ ഓടുന്നതിനാല്‍ ബെസ്റ്റ് ബസ് സര്‍വീസുകളെയും മഴ ബാധിച്ചു. വെസ്റ്റേണ്‍ റെയില്‍വേയുടെ സബര്‍ബന്‍ സര്‍വീസുകള്‍ 10 മിനിറ്റ് വൈകിയാണ് ഓടുന്നത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് അവസാനിച്ച 10 മണിക്കൂര്‍ കാലയളവില്‍ മുംബൈയിലെ ദ്വീപ് നഗരത്തില്‍ മാത്രം ശരാശരി 47.93 മില്ലീമീറ്ററാണ് മഴ ലഭിച്ചത്.
അതേസമയം മെട്രോപോളിസിന്റെ കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ യഥാക്രമം 18.82 മില്ലീമീറ്ററും 31.74 മില്ലീമീറ്ററും മഴ ലഭിച്ചു. വെള്ളക്കെട്ടിനൊപ്പം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തകര്‍ച്ചക്കും മുംബൈ ഇന്നലെ സാക്ഷ്യം വഹിച്ചു. ഇന്നലെ രാവിലെ മുതല്‍ പത്തോളം വീടുകളാണ് മഴയില്‍ തകര്‍ന്നത്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് നിരവധി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിധാന്‍ ഭവനില്‍ എത്താനാകാത്തതിനാല്‍ മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളും നിര്‍ത്തിവച്ചു.












Click it and Unblock the Notifications