ബിജെപി ഭരണത്തിൽ യുപിയിലെ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതർ: നരേന്ദ്ര മോദി
കാണ്‍പൂർ: യുപിയില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്പിക്കും കോണ്‍ഗ്രസിനുമെതിരെ ആക്രമണങ്ങള്‍ ശക്തമാക്കി ബി ജെ പി നേതൃത്വം. എസ്പിക്ക് സാധിച്ചിരുന്നെങ്കില്‍, യുപിയിലെ കാൺപൂരിനെ അവർ ഒരു 'മാഫിയാഗഞ്ച്' ജില്ലയാക്കുമെന്നായിരുന്നു മോദിയുടെ വിമർശനം. ഇപ്പോൾ അവരുടെ 'മാഫിയാഗിരി' അവസാന ശ്വാസത്തോട് അടുക്കുകയാണ്. ഈ മാഫിയകൾക്ക് വീണ്ടും അധികാരം നൽകാനാണ് ഇപ്പോള്‍ ചിലർ ആഗ്രഹിക്കുന്നത് . അതില്‍ നിന്നും യുപിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. കാൺപൂർ ദേഹയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ ബിജെപി ഭരണത്തിൽ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതരാണ്. സംസ്ഥാനത്ത് ഇപ്പോൾ നിരവധി മുസ്ലീം പെൺകുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്നുണ്ട്. 2017-ന് മുമ്പ് യുപിയിൽ എല്ലാ ദിവസവും റേഷൻ അഴിമതി നടന്നിരുന്നു. ലക്ഷക്കണക്കിന് വ്യാജ റേഷൻ കാർഡുകളാണ് ഇവർ ഉണ്ടാക്കിയത്. ഇരട്ട എഞ്ചിൻ സർക്കാർ ഈ വ്യാജ റേഷൻ കാർഡ് പദ്ധതി അവസാനിപ്പിച്ചു. ഇന്ന്, യുപിയിലെ കോടിക്കണക്കിന് പൊതുജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നു. എന്റെ പാവപ്പെട്ട സഹോദരിമാരുടെ അടുപ്പുകൾ അതിലൂടെ പുകയുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിനും രാജ്യത്തിനും നന്മ ചെയ്യാൻ പരിവാർവാദി പാർട്ടികൾക്ക് കഴിയില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഝാൻസിയിലെ മൗറാണിപൂരിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി ഇപ്പോൾ രാഹുൽ ഗാന്ധി, ഇവർക്ക് ആർക്കെങ്കിലും യുപിയിലെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ജാൻസിയിൽ പ്രതിരോധ ഇടനാഴി പദ്ധതിക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. ഇവിടെ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങൾ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കാൻ നമ്മളെ സഹായിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു
'അസം ഖാൻ ജയിലിൽ നിന്ന് പുറത്തുവരുന്നത് അഖിലേഷിന് പോലും ഇഷ്ടമല്ല, കാരണം അത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഭീഷണിയാകും'- എന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. അസം ഖാനോ മറ്റാരെങ്കിലുമോ ബന്ധപ്പെട്ട കേസുകളായാലും സംസ്ഥാന സർക്കാരിന് ഈ കേസുകളുമായി ഒരു ബന്ധവുമില്ല. ജാമ്യം അനുവദിക്കുന്നത് കോടതിയാണെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
അതേസമയം, ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപി 2 തവണ അധികാരത്തിലിരുന്നിട്ടും കോൺഗ്രസിനെ ഇടയ്ക്ക് കൊണ്ടുവരാതെ അവർക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ അഭിപ്രായപ്പെട്ടത്. കോൺഗ്രസിനെ ആർക്കും അവസാനിപ്പിക്കാനാകില്ല. കോൺഗ്രസ് ഉള്ളതിനാൽ രാജ്യത്തിന് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്. പ്രധാനമന്ത്രി മോദിയോ യുപി മുഖ്യമന്ത്രി യോഗിയോ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications