യുപിയില്‍ മുസ്ലിം യുവാവിനെ മരത്തില്‍ക്കെട്ടി അടിച്ചു; മൊട്ടയടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ മുസ്ലിം യുവാവിനെ മരത്തില്‍ക്കെട്ടി അടിച്ചു. തലമുടി ഭാഗികമായി വടിച്ച ശേഷം ജയ് ശ്രീറാം വിളിപ്പിച്ചു. വീഡിയോ വൈറലായതോടെ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബുലന്ദ്‌ഷെഹറിലാണ് സംഭവം. പരാതി നല്‍കിയ വേളയില്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് മര്‍ദ്ദനമേറ്റ സഹീലിന്റെ പിതാവ് ഷക്കീല്‍ ആരോപിച്ചു.
പ്രതികളുമായി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്നാണ് ഷക്കീല്‍ പറയുന്നത്. മൂന്ന് പേര്‍ ചേര്‍ന്നാണ് സഹീലിനെ മര്‍ദ്ദിച്ചതും ജയ് ശ്രീറാം വിളിപ്പിച്ചതും. രണ്ടുപേര്‍ അടിക്കുകയും ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. വീഡിയോ പുറത്തായതോടെ വലിയ വിവാദമായി. ഉത്തര്‍ പ്രദേശ് പോലീസിനെ വിമര്‍ശിച്ച് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി രംഗത്തുവന്നു.

സഹീലിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് ജയിലിടച്ചുവെന്ന് പിതാവ് ആരോപിച്ചു. ഇക്കാര്യമാണ് ഉവൈസി ചൂണ്ടിക്കാട്ടുന്നത്. മര്‍ദ്ദനം ഏറ്റവനെ ജയിലില്‍ അടച്ച പോലീസ് നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു. ഇതോടെ ബുലന്ദ്‌ഷെഹര്‍ പോലീസ് പ്രതികരണവുമായി രംഗത്തുവന്നു. മോഷണം ആരോപിച്ചാണ് സഹീലിനെ മൂന്ന് പേര്‍ മര്‍ദ്ദിച്ചതും വീഡിയോ ചിത്രീകരിച്ചതുമെന്ന് എഎസ്പി സുരേന്ദ്രനാഥ് തിവാരി പറഞ്ഞു.
എല്ലാവരും ഒരേ ഗ്രാമത്തിലുള്ളവരാണ്. സഹീലിന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഗജേന്ദ്ര, സൗരഭ്, ധനി എന്നിവരാണ് കേസിലെ പ്രതികള്‍ എന്ന് പോലീസ് അറിയിച്ചു. മകന്‍ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വരുമ്പോഴാണ് പ്രതികള്‍ തടഞ്ഞുവച്ചതും മര്‍ദ്ദിച്ചതുമെന്ന് ഷക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരത്തില്‍ കെട്ടിയിട്ട് ഏറെ നേരം അടിച്ചു. തങ്ങളുടെ പരാതി ആരും പരിഗണിച്ചില്ല. മകനെ ജയിലിലടയ്്ക്കുകയാണ് ചെയ്തത്. പ്രതികളുടെ പേരുകള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ ഗ്രാമത്തില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തി. ഞങ്ങള്‍ക്ക് നീതി വേണമെന്നും ഷക്കീല്‍ പറയുന്നു. മകന്റെ മൊബൈലും 1500 രൂപയും പ്രതികള്‍ കൈക്കലാക്കിയെന്ന് സഹീലിന്റെ മാതാവ് പറഞ്ഞു.












Click it and Unblock the Notifications