ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി
റാഞ്ചി: ഹിന്ദു യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. ജാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുമ്ല ടൗണിനടുത്തുള്ള റാസ കോളനിയിലെ മുഹമ്മദ് ഷാലിക്ക് ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാമ നവമി പ്രമാണിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്കായി പെണ്‍കുട്ടി യുവാവിനെ ഗുമ്ല ടൗണിലേക്ക് വിളിച്ചിരുന്നു. ആദ്യം നിരസിച്ച യുവാവ് കാമുകി നിര്‍ബന്ധിച്ചതോടെ സ്ഥലത്തെത്തി. പിന്നീട് യുവതിയെ തന്റെ സ്‌കൂട്ടിയില്‍ വീട്ടില്‍ വിടുകയും ചെയ്തു. ഇതിനുശേഷം തിരിച്ചുപോകാനൊരുങ്ങുമ്പോള്‍ സമീപവാസികള്‍ യുവാവിനെ വളയുകയും സ്ഥലത്തെ ഒരു മരത്തില്‍ കെട്ടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് മരിച്ചു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവാവിന് നേരത്തെ തന്നെ ഗ്രാമീണര്‍ മുന്നറിയിപ്പു നല്‍കിയതാണെന്ന് ഗുമ്ല പോലീസ് സൂപ്രണ്ട് ചന്ദന്‍ കുമാര്‍ ജാ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് വര്‍ഗീയ കലാപമുണ്ടാകാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീം മതവിഭാഗത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടാകുന്നെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പശുവിനെ കടത്തിയെന്നാരോപിച്ച് ഒരു മുസ്ലീം യുവാവിനെ രാജസ്ഥാനില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications