'എന്റെ ഉദ്ദേശം മോശയിരുന്നില്ല'; കോടതിയിൽ രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെ

മോദി എന്ന പേരിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് കോടതി വിധി.
2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ കോളാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.'എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ രാഹുൽ ഗാന്ധിയുടെ പരാമർശം താനടക്കമുള്ളവർക്ക് വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണേഷ് പരാതി നൽകിയത്.
അതേസമയം തന്റെ ഉദ്ദേശം മോശമായിരുന്നില്ലെന്നായിരുന്നു കോടതിയിൽ ഇന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആരേയും വേദനിപ്പിക്കാനല്ല താൻ പരാമർശം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയർത്താനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളതെന്നും രാഹുൽ പറഞ്ഞു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
അതേസമയം കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിധി അപ്രതീക്ഷിതമാണെന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും കെ സി വേണുഗോപാൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രി അമിത്ഷായും നടത്തുന്ന അഴിമതികള്‍ തുറന്നുകാട്ടുന്ന രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ശ്രമമാണ് കേസെന്നായിരുന്നു മുതിർന്ന നേതാവായ രമേശ് ചെന്നിത്തല പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ ആക്ഷേപിക്കുന്ന വ്യക്തിയല്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയ്ക്കെതിരെ കടുത്ത പരിഹാസമായിരുന്നു കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു ഉയർത്തിയത്. രാഹുൽ കോൺഗ്രസിന് തന്നെ നാണക്കേടാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. 'രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയേയും രാജ്യത്തേയും മുഴുവനായും ബാധിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നിലപാട് കാരണം കോൺഗ്രസ് അനുഭവിക്കുകയാണെന്ന് ചില പാർട്ടി നേതാക്കൾ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കിരൺ റിജ്ജു പറഞ്ഞു.












Click it and Unblock the Notifications