നരേന്ദ്ര മോദി റാലി നടത്തിയ സീറ്റുകളിൽ പകുതിയിലും എൻഡിഎ തോറ്റു; ഞെട്ടൽ വിട്ട് മാറാതെ ബിജെപി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിക്കുന്ന പല കണക്കുകളിലേക്കുമാണ് വെളിച്ചം വീശുന്നത്. പ്രത്യേകിച്ച് എൻഡിഎയുടെ കാര്യമെടുത്താൽ പലതും അപ്രതീക്ഷിതമായ തിരിച്ചടികളുടെ ഫലമാണ് നമുക്ക് കാണാൻ കഴിയുക. അങ്ങനെയുള്ള ഒരു സുപ്രധാന കണക്കാണ് പ്രധാനമന്ത്രി നരേന്ദ്ര എൻഡിഎക്ക് വേണ്ടി റാലി നടത്തിയ സീറ്റുകളിൽ ഏറെയും മുന്നണി സ്ഥാനാർത്ഥികൾ പരാജയം നുണഞ്ഞു എന്ന റിപ്പോർട്ട്.
പ്രമുഖ മാധ്യമ സ്ഥാപനമായ ദി ക്വിന്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളും പ്രസംഗങ്ങളും നടത്തിയ 164 മണ്ഡലങ്ങൾ വിശകലനം ചെയ്‌തതിൽ ഏതാണ്ട് 77 സീറ്റുകളിൽ ബിജെപി/എൻഡിഎ സ്ഥാനാർത്ഥികൾ തോൽക്കുകയാണുണ്ടായത്. ശേഷിക്കുന്ന 87 സീറ്റുകളിൽ അവർ വിജയിച്ചു.

മാർച്ച് 16 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ മെയ് 30 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നാണ് പ്രസംഗങ്ങളുടെ പട്ടിക ശേഖരിച്ചത്. ഇതിൽ അദ്ദേഹം പങ്കെടുത്ത റോഡ് ഷോകൾ ഉൾപ്പെടുന്നില്ല എന്നത് പ്രത്യേകം ഓർക്കണം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളുമായി ഒത്തുനോക്കുമ്പോൾ വലിയ ഇടിവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി പ്രചാരണം നടത്തിയ 85 ശതമാനം സീറ്റുകളിലും ബിജെപി-എൻഡിഎ വിജയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ആകെ അദ്ദേഹം നേരിട്ടെത്തിയ 103 സീറ്റുകളിൽ 86 സീറ്റുകളിലും മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു എന്നതായിരുന്നു പ്രത്യേകത. എന്നാൽ ഇക്കുറി ഈ കണക്കുകളെല്ലാം മാറി മറിഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ വമ്പൻ കുതിപ്പിൽ ബിജെപി കോട്ടകൾ ഇളകിയാടിയപ്പോൾ കഴിഞ്ഞ തവണത്തെ മികവ് വെറും ഓർമ്മ മാത്രമായി എന്ന് പറയുന്നതാവും ശരി.
അതേസമയം, തോൽവി അറിഞ്ഞ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി പ്രചരണത്തിനിടെ വിദ്വേഷ പരാമർശം നടത്തിയ രാജസ്ഥാനിലെ ബൻസ്വാര അടക്കമുള്ള സീറ്റുകൾ ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മോദി മുസ്ലിം വിരുദ്ധ പരമാർശം അഴിച്ചുവിട്ട ഇവിടെ രണ്ടര ലക്ഷത്തോളം വോട്ടുകൾക്കാണ് എൻഡിഎ സ്ഥാനാർത്ഥി പരാജയപ്പെട്ടത്.
ഇതിന് പുറമെ പഞ്ചാബിലെ പ്രധാന മണ്ഡലങ്ങളായ ഹോഷിയാർപൂർ, ജലന്ദർ, ഗുരുദാസ്പൂർ, പട്യാല എന്നിവിടങ്ങളിൽ മോദിക്ക് ഒരു അനക്കവും സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. ഒപ്പം മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ഉണ്ടായിരുന്ന വ്യക്തമായ മേൽക്കൈ ഇന്ത്യ സഖ്യത്തിന്റെ കുതിപ്പിന് മുന്നിൽ അടിയറവ് വയ്ക്കുന്നതും നാം കണ്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലും നരേന്ദ്ര മോദി പ്രചരണത്തിന് ചുക്കാൻ പിടിച്ചിരുന്നു.
മഹാരാഷ്ട്രയിൽ മോദി ഏകേശം 18 റാലികളാണ് സംഘടിപ്പിച്ചത്. എന്നാൽ ഇവിടെ ബിജെപി നിലതെറ്റി വീണതോടെ ചോദ്യങ്ങൾ ഉയരുകയാണ്. സോലാപൂർ, മാധ, ലാത്തൂർ, ധാരാശിവ് തുടങ്ങി മോദി എത്തിയ സീറ്റുകൾ എല്ലാം എൻഡിഎ പരാജയപ്പെട്ടിരുന്നു. എന്നാൽ മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ മോദിയുടെ വരവ് നേട്ടമുണ്ടാക്കി എന്നതും ശ്രദ്ധേയമായ കാര്യമാണ്. എങ്കിലും ഇത്തവണത്തെ ഫലത്തിൽ ബിജെപി വളരെയധികം ആശങ്കാകുലരാണ് എന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications