ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വേണം: അപേക്ഷ നൽകി എൻസിബി, കൂടുതൽ സമയം ചോദ്യം ചെയ്തെന്ന് അഭിഭാഷകർ!!
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിനീഷിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് അപേക്ഷയും നൽകിയിട്ടുണ്ട്. ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് എൻസിബി കസ്റ്റഡി അപേക്ഷ നൽകിയിട്ടുള്ളത്. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.

അപേക്ഷ പരിഗണിക്കും
ബിനീഷ് കോടിയേരി മയക്കുമരുന്ന് വിൽപ്പന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളത്. എൻഫോഴ്സ്മെന്റ് അന്വേഷണം തുടരുന്നതിനിടെ എൻസിബി ഉദ്യോഗസ്ഥർ ഇഡി ഓഫീസിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം. എൻസിബി സമർപ്പിച്ച അപേക്ഷ തിങ്കളാഴ്ചയാണ് കോടതി പരിശോധിക്കുക. കോടതിയിൽ ഹാജരാക്കുന്നത് കണക്കിലെടുത്ത് ബിനീഷിനെ വൈദ്യപരിശോധന നടത്തുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

വീഴ്ച സംഭവിച്ചു
അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തോളം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കോടതിയിൽ ഹാജരാക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ അന്വേഷണ സംഘം ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് കോടതിയെ ധരിപ്പിക്കും. ബിനീഷ് കോടിയേരിയുടെ ഭാര്യ റിനീറ്റ, ഭാര്യയുടെ അമ്മ എന്നിവർ ചേർന്ന് റെയ്ഡ് തടസ്സപ്പെടുത്തിയ സംഭവത്തെ ഗൌരവത്തോടെയാണ് എൻഫോഴ്സ്മെന്റ് കാണുന്നത്.

ജാമ്യാപേക്ഷ നൽകില്ല
ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഹോട്ടൽ ബിസിനസ് ബിസിനസ് സംബന്ധിച്ച കേസിൽ ശനിയാഴ്ച ജാമ്യാപേക്ഷ നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിനീഷിന്റെ അഭിഭാഷകർ. എന്നാൽ കോടതി അനുവദിച്ച സമയത്തിന് ശേഷവും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത സംഭവം അഭിഭാഷകർ കോടതിയെ അറിയിക്കും. വെള്ളിയാഴ്ച രാത്രി എട്ടുമണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്നാണ് കോടതി നേരത്തെ നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഇന്നലെ എട്ടരയ്ക്ക് ശേഷമാണ് ബിനീഷിന്റെ ചോദ്യം ചെയ്യൽ എൻഫോഴ്സ്മെന്റ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം ബിനീഷിനെ ബെംഗളൂരുവിലെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
Recommended Video

ബിനാമി ഒളിവിൽ
തിരുവനന്തപുരത്തെ മുഖ്യ ബിനാമിയെന്ന് എൻഫോഴ്സ്മെന്റ് അവകാശപ്പെടുന്ന അബ്ദുൾ ലത്തീഫ് ഒളിവിൽ പോയതായി എൻഫോഴ്സ്മെന്റിന് സൂചന ലഭിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് നേരത്തെ റെയ്ഡ് നടത്തിയ കാർ പാലസിന്റെ ഉടമയാണ് അബ്ദുൾ ലത്തീഫ്. നവംബർ രണ്ടിന് ശേഷം ഹാജരാകാമെന്നാണ് ലത്തീഫ് നേരത്തെ അറിയിച്ചിരുന്നത്. ഇതുവരെയും ലത്തീഫ് എൻഫോഴ്സ്മെന്റിന് മുമ്പാകെ ഹാജരായിട്ടില്ല. ഇതോടെ കേന്ദ്ര ഏജൻസി ലത്തീഫിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications