ജോര്‍ജ് കുര്യനടക്കം 12 പേര്‍ എതിരില്ലാതെ രാജ്യസഭയില്‍; കേവല ഭൂരിപക്ഷം പിന്നിട്ട് എന്‍ഡിഎ
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ നേടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ. 12 അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപരിസഭയില്‍ ഭരണമുന്നണി ഭൂരിപക്ഷം മറികടന്നത്. രാജ്യസഭയില്‍ ആകെ 245 സീറ്റുകളാണുള്ളത്. എന്നാല്‍ നിലവില്‍ എട്ട് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ജമ്മു കശ്മീരില്‍ നിന്ന് നാല് സീറ്റുകളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് സീറ്റുകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.
അതിനാല്‍ നിലവിലെ അംഗബലം 237 ആണ്. ഇത് പ്രകാരം രാജ്യസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 119 സീറ്റ് ആണ്. നിലവില്‍ എന്‍ഡിഎക്ക് 121 സീറ്റായി. ഇതോടെ സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്താനുള്ള പിന്തുണ എന്‍ഡിഎക്ക് ഉറപ്പിക്കാനായി. ബിജെപിയുടെ ഒമ്പത് അംഗങ്ങളെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു.

അജിത് പവാറിന്റെ എന്‍സിപിയിലെയും രാഷ്ട്രീയ ലോക് മഞ്ചിലെയും ഓരോ അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുന്നു. ബിജെപിയെ കൂടാതെ ജെഡിയു (4), എന്‍സിപി (3) എന്നിവരും ഓരോ സീറ്റുള്ള എസ്എച്ച്എസ്, പിഎംകെ, എജിപി, യുപിപിഎല്‍, ടിഎംസി-എം, എന്‍പിപി, ആര്‍പിഐഎ, ആര്‍എല്‍എം, ആര്‍എല്‍ഡി, ജെഡിഎസ് എന്നിവരുമാണ് എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍.
രാജസ്ഥാനില്‍ നിന്ന് രവ്നീത് സിംഗ് ബിട്ടു, ബിഹാറില്‍ നിന്ന് മനന്‍ കുമാര്‍ മിശ്ര, ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരി, മധ്യപ്രദേശില്‍ നിന്ന് ജോര്‍ജ്ജ് കുര്യന്‍, മഹാരാഷ്ട്രയില്‍ നിന്ന് ധിര്യ ഷീല്‍ പാട്ടീല്‍, ത്രിപുരയില്‍ നിന്ന് രാജീവ് ഭട്ടാചാരി, ഒഡീഷയില്‍ നിന്ന് മമത മൊഹന്ത, മിഷന്‍ രഞ്ജന്‍ ദാസ്, രാമേശ്വരം എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.
തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിംഗ്വി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നിതിന്‍ പാട്ടീല്‍ മഹാരാഷ്ട്രയില്‍ നിന്നും ആര്‍എല്‍എമ്മിന്റെ ഉപേന്ദ്ര കുശ്വാഹ ബീഹാറില്‍ നിന്നും ഉപരിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളെ തിരഞ്ഞെടുത്തതോടെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എണ്ണം 85 ആയി.
കഴിഞ്ഞ പത്ത് വര്‍ഷമായി എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എങ്കിലും വിവാദ ബില്ലുകള്‍ പാസാക്കാന്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ സഹായത്തോടെ പാസാക്കാനായിരുന്നു. എന്നാല്‍ നിലവില്‍ ഇരു പാര്‍ട്ടികള്‍ക്കും അവരവരുടെ സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായിരിക്കുകയാണ്.
ഒഡിഷയില്‍ ബിജെപിയോടാണ് ബിജെഡി തോറ്റിരിക്കുന്നത്. ആന്ധ്രാപ്രദേശിലാകട്ടെ ബിജെപി ഉള്‍പ്പെട്ട സഖ്യത്തോടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തോറ്റത്. അതിനാല്‍ ഭാവിയില്‍ സഭയില്‍ അവരുടെ പിന്തുണ കണക്കാക്കാനാവില്ല.












Click it and Unblock the Notifications