സഭ നടത്തുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്? ഒടുവില്‍ ഗതികെട്ട് അദ്വാനി ചോദിച്ചു
തുടര്‍ച്ചയായ സഭാസ്തംഭനങ്ങളില്‍ ഗതികെട്ട് ബിജെപി നേതാവ് എല്‍കെ അദ്വാനി പാര്‍ലമെന്‍റില്‍ പൊട്ടിത്തെറിച്ചു. പാര്‍ലമെന്‍ററി കാര്യ മന്ത്രിയെയും സ്പീക്കറെയും അദ്ദേഹം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നാലെ തുടര്‍ച്ചയായി സഭ സ്തംഭിക്കുന്നതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പരസ്യമായി രംഗത്തെത്തി. പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറിനെയും ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജനെയും അദ്വാനി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട് ഒരു മാസം ആകുമ്പോള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രതിപക്ഷ ബഹളം കാരണം തുടര്‍ച്ചയായി സ്തംഭിക്കുകയാണ്. നോട്ട് നിരോധനത്തില്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അനന്ത് കുമാറിന് ശകാരം
തുടര്‍ച്ചയായി സഭ സ്തംഭിച്ചതിനെ തുടര്‍ന്നാണ് അദ്വാനി രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെയാണ് അദ്വാനി അനന്ത് കുമാറിനെ അടുത്ത് വിളിച്ച് രൂക്ഷ ഭാഷയില്‍ ശകാരിച്ചത്.

സ്പീക്കര്‍ക്കും വിമര്‍ശനം
സഭ സുഗമമായി നടത്തുന്നതിന് സ്പീക്കര്‍ക്കോ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിക്കോ താത്പര്യമില്ലെന്ന് അദ്വാനി കുറ്റപ്പെടുത്തി. സഭ നടത്തിക്കൊണ്ട് പോകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് അദ്ദേഹം ചോദിച്ചു.

ശാന്തനാകാതെ അദ്വാനി
അതേസമയം അദ്വാനിയെ ശാന്തനാക്കാന്‍ അനന്ത്കുമാര്‍ ശ്രമിച്ചെങ്കിലും അദ്വാനി വഴങ്ങിയില്ല. ഗ്യാലറിയിലിരുന്ന് മാധ്യമപ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ടെന്ന് അനന്ത് കുമാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇക്കാര്യം താന്‍ പരസ്യമായി തന്നെ പറയാന്‍ പോകുന്നുവെന്ന് അദ്വാനി മറുപടി നല്‍കി.

മുമ്പും അദ്വാനി രംഗത്തെത്തിയിരുന്നു
ഇതാദ്യമായിട്ടല്ല തുടര്‍ച്ചയായ സഭ സ്തംഭനങ്ങളെ വിമര്‍ശിച്ച് അദ്വാനി രംഗത്തെത്തുന്നത്. നേരത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സഭ സ്തംഭനങ്ങളില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പറ്റുന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞൂടെയെന്നും അദ്വാനി ചോദിച്ചു.












Click it and Unblock the Notifications