നേപ്പാളിന് പൈസക്കുടുക്ക നല്‍കി ഏഴാം ക്ലാസുകാരന്‍ മാതൃകയായി
കൊല്‍ക്കത്ത: നേപ്പാള്‍ ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി തന്റെ പൈസക്കുടുക്കയിലെ സമ്പാദ്യം മുഴുവന്‍ നല്‍കി ഏഴാംക്ലാസുകാരന്‍ മാതൃകയായി. കൊല്‍ക്കത്ത സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആകാശ് മുഖര്‍ജിയാണ് മാതാപിതാക്കളെപ്പോലും അമ്പരപ്പിച്ച് സമ്പാദ്യം കൈമാറിയത്.
നേപ്പാളില്‍ ദുരന്തത്തില്‍ കുടുങ്ങിയവരെ സഹായിക്കണമെന്നുണ്ടെങ്കിലും അതിന് സാധ്യമല്ലാത്തതിനാലാണ് തനിക്കാവുന്ന രീതിയില്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് ആകാശ് പറഞ്ഞു. ആകാശിന്റെ തീരുമാനം അറിഞ്ഞ മാതാപിതാക്കള്‍ കൊല്‍ക്കത്തയിലെ നേപ്പാളീസ് കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടു. മാതാപിതാക്കള്‍ക്കൊപ്പം കോണ്‍സുലേറ്റിലെത്തിയ കുട്ടി പൈസക്കുടുക്ക അവര്‍ക്ക് കൈമാറി.

കുട്ടിയുടെ മുന്നില്‍വെച്ചുതന്നെ കുടുക്ക പൊട്ടിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തി. ഒരു രൂപ മുതല്‍ അഞ്ഞൂറുരൂപവരെ കുടുക്കയില്‍ ഉണ്ടായിരുന്നു. 3563 രൂപയായിരുന്നു പൈസക്കുടുക്കയിലെ ആകെ സമ്പാദ്യം. കുട്ടിയെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായ സുരേന്ദ്ര താപ്പ അഭിനന്ദിച്ചു. പണത്തെക്കാള്‍ വിലമതിക്കുന്നതാണ് ആകാശ് കാണിച്ച മനുഷ്യത്വവും ഐക്യദാര്‍ഢ്യവുമെന്ന് അദ്ദേഹം പറഞ്ഞു.
മകന്റെ പ്രവര്‍ത്തിയില്‍ മാതാപിതാക്കളും അതിയായ സന്തോഷം പ്രകടിപ്പിച്ചു. തന്റെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാമായിരുന്നിട്ടും പൈസക്കുടുക്ക കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കൈമാറിയ മകന്റെ തീരുമാനത്തില്‍ അവര്‍ അഭിമാനം കൊണ്ടു. കാരുണ്യത്തിന്റെ അവസാന വാക്കായ മദര്‍ തെരേസ ജനിച്ച അതേ ദിവസമാണ് മകന്റെ ജന്മദിനവുമെന്ന് മാതാവ് പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പ് മുത്തച്ഛനാണ് പൈസക്കുടുക്ക പേരക്കുട്ടിക്ക് ജന്മദിന സമ്മാനമായി നല്‍കിയത്.












Click it and Unblock the Notifications