പുതിയ കൊവിഡ് വകഭേദം; ഡെൽറ്റയേക്കാൾ അപകടകാരി..ഇന്ത്യയിൽ അതീവ ജാഗ്രത
ദില്ലി; ലോകത്തെ വീണ്ടും ഭീതിയാഴ്ലാഴ്ത്തി പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലാണ് വൈറസ് സ്ഥിരീകരിച്ചത്.B.1.1.529 എന്ന് വിളിക്കപ്പെടുന്ന വകഭേദം ഡെൽറ്റ വകഭേദത്തെക്കാൾ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
B.1.1.529 വകഭേദം മ്യൂട്ടേഷനുകളിലൂടെ വളരെ അസാധാരണമായ രൂപം കൈവരിച്ചെന്നും അവയ്ക്ക് പ്രതിരോധ ശേഷിയെ എളുപ്പം തകർക്കാനും അതുവഴി കൂടുതൽ പേരിലേക്ക് വ്യാപിക്കാനും സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപാർക്കുന്ന ഗൗട്ടേങ്ങ് പ്രവിശ്യയിലെ നിരവധി പേരിൽ ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യത്തെ മറ്റ് എട്ട് പ്രവിശ്യകളിലും വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകദേശം 100 സാമ്പിളുകളിൽ B.1.1.529 വകഭേദം ഉള്ളതായി ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോട്സ്വാനയിലും ഹോങ്കോങ്ങിലും ഇതേ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്ത കേസ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രികനാണ്. ഗൗട്ടെങ്ങിലെ 90% പുതിയ കേസുകളും B.1.1.529 ആയിരിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൊവിഡ് ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക.നേരത്തേ കേസുകൾ കുറഞ്ഞിരുന്നുവെങ്കിൽ ഈ മാസം ആദ്യത്തോടെ രാജ്യത്തെ കേസുകളിൽ പതിന്മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഡാറ്റ പരിമിതമാണെങ്കിലും, പുതിയ വേരിയന്റിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള പഠനം ഊർജിതമാക്കിയിരിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വർക്കിംഗ് ഗ്രൂപ്പിന്റെ അടിയന്തര സിറ്റിംഗ് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാർ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളെ കുറിച്ച് പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമാണ് ദക്ഷിണാഫ്രിക്ക.ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ച വകഭേദമാണ് ബീറ്റ. ഇവയുടെ വ്യാപന ശേഷി കൂടുതലാണ്. മാത്രമല്ല വാക്സിനുകൾ തീർക്കുന്ന പ്രതിരോധത്തെ മറികടക്കാനും വാക്സിനുകൾക്ക് സാധിക്കും. ഈ വര്‍ഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദം കണ്ടെത്തിയിരുന്നു.
വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി ഇന്ത്യ
അതേസമയം പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.
ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിമാനയാത്രക്കാരെ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം.പോസിറ്റീവ് ആയി മാറുന്ന യാത്രക്കാരുടെ സാമ്പിളുകൾ നിയുക്ത ജീനോം സീക്വൻസിംഗ് ലബോറട്ടറികളിലേക്ക് ഉടൻ അയച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഈ അന്താരാഷ്‌ട്ര യാത്രക്കാരുടെ കോൺടാക്‌റ്റുകളും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ബോട്സ്വാന (3 കേസുകൾ), ദക്ഷിണാഫ്രിക്ക (6 കേസുകൾ), ഹോങ്കോംഗ് (1 കേസ്) എന്നിവിടങ്ങളിൽ 8.1.1529 എന്ന കോവിഡ്-19 വേരിയന്റിൻറെ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് NCDC (നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ) ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അടുത്തിടെ ഇളവ് വരുത്തിയ വിസ നിയന്ത്രണങ്ങളും അന്താരാഷ്‌ട്ര യാത്രകൾ തുറന്നതും കണക്കിലെടുത്ത് രാജ്യത്ത് ഭീഷണി നിലനിൽക്കുന്നുണ്ട്, അതിനാൽ ഈ രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരേയും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കർശനമായ സ്ക്രീനിംഗിനും പരിശോധനയ്ക്കും വിധേയമാക്കണം.ഇവരുടെ കോൺടാക്ട് ട്രേസിങ്ങും സൂക്ഷ്മമായി നടത്തണം, സംസ്ഥാനങ്ങൾക്കയച്ച കത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.












Click it and Unblock the Notifications