ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്രം തിരിച്ചുവിളിക്കുമോ?ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടങ്ങളില്‍ കര്‍ശന നടപടി:ഗഡ്കരി
ഹൈദരാബാദ്: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി നിതിന്‍ ഗഡ്കരി പറഞ്ഞു. സമിതി ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇക്കാര്യത്തില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തകരാറുള്ള മുഴുവന്‍ വാഹനങ്ങളും തിരിച്ച് വിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിടുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരും ഗതാഗത വകുപ്പുിം പ്രതിജ്ഞാബദ്ധമാണ് എന്നും സുരക്ഷാ ഉറപ്പ് വരുത്താന്‍ കമ്പനികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചിരുന്നു.

80 - കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തില്‍ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടം. സ്‌കൂട്ടറില്‍ നിന്ന് എടുത്ത് മാറ്റി വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ബാറ്ററിയില്‍ നിന്ന് പെട്ടെന്ന് തന്നെ തീപടരുകയായിരുന്നു.

രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും പൊള്ളലേറ്റത്. രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചിരുന്നത്. കഴിഞ്ഞ ഒര് വര്‍ഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മരിച്ചയാളുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹന കമ്പനിക്കെതിരെ ഐ പി സി സെക്ഷന്‍ 304-എ (അശ്രദ്ധമൂലമുള്ള മരണം), 337 (ജീവന് അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കല്‍) എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ഇ-ബൈക്കുകള്‍ക്ക് തീപിടിച്ചിരുന്നു. തീ പടര്‍ന്ന ശേഷമുണ്ടാകുന്ന കനത്ത പുക ശ്വസിച്ചും ആളുകള്‍ക്ക് ജീവഹാനിയുണ്ടായ സംഭവങ്ങളും ഉണ്ടായിരുന്നു. ഏപ്രില്‍ 11 ന് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഒരു ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തില്‍ നാലാമത്തെ സംഭവമാണ് തെലങ്കാനയില്‍ നടന്നത്. മാര്‍ച്ച് 26 ന് പൂനെയിലെ ലോഹെഗാവ് പ്രദേശത്ത് ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം അറിവായിരുന്നില്ല. ഈ സംഭവത്തിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Recommended Video

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സേഫ്റ്റിയോട് ആവശ്യപ്പെട്ടതായി റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണനം വര്‍ധിച്ചിരുന്നു. മലിനീകരണം കുറയ്ക്കുക എന്ന നടപടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് കഴിഞ്ഞ പൊതുബജറ്റില്‍ അറിയിച്ചിരുന്നു. നിതി ആയോഗ് പുറത്തിറക്കിയ കരട് ബാറ്ററി സ്വാപ്പിംഗ് നയം അനുസരിച്ച് യഥാക്രമം 18%, 5% എന്നിങ്ങനെയുള്ള ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും ഇലക്ട്രിക് വാഹന വിതരണ ഉപകരണങ്ങള്‍ക്കും നികുതി നിരക്കുകളിലുടനീളം വ്യത്യാസം കുറയ്ക്കുന്നത് ജി എസ് ടി കൗണ്‍സില്‍ പരിഗണിക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications