വിഴിഞ്ഞം; കേരളത്തിനുവേണ്ടെങ്കില്‍ തമിഴ്‌നാടിന് നല്‍കുമെന്ന് ഗഡ്കരി
മുംബൈ: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയും യുഡിഎഫും തമ്മിലുള്ള വാക്‌പോര് മുറുകവെ തുറമുഖ പദ്ധതി കേരളത്തിന് വേണ്ടെങ്കില്‍ തമിഴ് നാടിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. തുറമുഖ പദ്ധതി വൈകുന്നത് കേന്ദ്രം നോക്കിയിരിക്കില്ല. അനാവശ്യ വിവാദം ഉയര്‍ത്തിയാല്‍ പദ്ധതി തമിഴ്‌നാടിന് പോകുമെന്ന് ഗഡ്കരി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നടന്നില്ലെങ്കില്‍ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് അനുമതി നല്‍കാനാണ് കേന്ദ്ര തീരുമാനം രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ തീരത്ത് തുറമുഖം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. കൊളംബോ തുറമുഖത്തിനായി ചരക്കു ബിസിനസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് തുറമുഖം നിര്‍മിക്കാനും നടത്തിക്കാനും മുന്നോട്ടു വന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താത്പര്യമില്ലാത്ത സ്ഥിതിയാണ്. തുറമുഖത്തിന് കാലതാമസമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. കുളച്ചില്‍ തുറമുഖത്തിനായി ഇതിനകം തന്നെ സാധ്യതാ പഠനം നടത്തിയിട്ടുണ്ട്. പിന്നീട് കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയരുതെന്നും ഗഡ്കരി പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും ഉണ്ടാക്കേണ്ട കരാര്‍ സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടായിട്ടുള്ളത്. അദാനിക്ക് അനുകൂലമായാണ് കരാറെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. കരാറില്‍ വ്യക്തതവേണമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. അതേസമയം, വിവാദം മൂലം വിഴിഞ്ഞം തുറമുഖ പദ്ധതി സംസ്ഥാനത്തിന് ഒരു കാരണവശാലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications