അനുമതി നിഷേധിച്ചിട്ടും ശോഭായാത്രയുമായി മുന്നോട്ട്; നൂഹില്‍ നിരോധനാജ്ഞ, വന്‍ പൊലീസ് വിന്യാസം
ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹില്‍ വീണ്ടും സ്ഥിതി സങ്കീര്‍ണമാകുന്നു. അനുമതി നിഷേധിച്ചിട്ടും ശോഭായാത്രയുമായി മുന്നോട്ട് പോകുമെന്ന് ഹൈന്ദവ സംഘടനകള്‍ അറിയിച്ചതാണ് സ്ഥിതി വഷളാക്കിയത്. നൂഹില്‍ സുരക്ഷാ സേനയുടെ വന്‍ സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. നൂഹില്‍ അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
1900 ഹരിയാന പൊലീസുകാരെയും അന്തര്‍ സംസ്ഥാന അന്തര്‍ ജില്ലാ അതിര്‍ത്തികളില്‍ 24 കമ്പനി അര്‍ധ സൈനിക സേനയെയും വിന്യസിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ പുറത്ത് നിന്നുള്ളവര്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു.

മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ് എം എസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗുരുഗ്രാമിലെ സോഹ്ന ടോളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ടോള്‍ വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഹരിയാന പൊലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് 13 ന് ചേര്‍ന്ന 'സര്‍വ് ദേശീയ ഹിന്ദു മഹാപഞ്ചായത്ത്' ആണ് ജൂലൈയില്‍ വര്‍ഗീയ കലാപം മൂലം തടസപ്പെട്ട യാത്ര പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്തത്.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് 28 വിശുദ്ധ ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയാണ്. അതേസമയം അനുമതി നിഷേധിച്ച ഘോഷ യാത്രയില്‍ പങ്കെടുക്കുന്നതിന് പകരം അടുത്തുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. യാത്രയ്ക്ക് പകരം ജലാഭിഷേകത്തിനായി ജനങ്ങള്‍ക്ക് അവരുടെ പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാമെന്നും ഖട്ടാര്‍ പറഞ്ഞു.
അതേസമയം ശ്രാവണ്‍ മാസത്തിലെ അവസാന തിങ്കളാഴ്ചയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തിക്കൊണ്ട് ഹിന്ദു സമൂഹം മേവാത്തില്‍ ധര്‍മ്മയാത്ര പൂര്‍ത്തിയാക്കുമെന്ന് ഹിന്ദുത്വ സംഘടനയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. 'ഇതൊരു തീര്‍ത്ഥാടനമാണ്. ആരും അനുവാദം ചോദിച്ചിട്ടില്ല, അതിനാല്‍ നിരസിക്കുന്നതിന്റെ ചോദ്യവും ഉയരുന്നില്ല,'' എന്നായിരുന്നു വി എച്ച് പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞത്. രാവിലെ 11 മണിക്ക് യാത്ര ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് 31 ന് മുസ്ലീം നൂഹില്‍ വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) നടത്തിയ ഘോഷയാത്രയ്‌ക്കെതിരായ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ രണ്ട് ഹോം ഗാര്‍ഡുകളും ഒരു മതപുരോഹിതനും ഉള്‍പ്പെടുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരെ അറസ്റ്റ് ചെയ്യുകയും 118 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 3 മുതല്‍ 7 വരെ നുഹില്‍ നടക്കുന്ന ജി 20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗും സംസ്ഥാനത്തെ കലാപസമാനമായ സാഹചര്യവും കണക്കിലെടുത്താണ് ശോഭായാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ ശോഭാ യാത്രയുമായി മുന്നോട്ട് പോകാനായിരുന്നു സംഘടനകളുടെ തീരുമാനം.
വി എച്ച് പി ഇതിനെ രണ്ടാം യാത്രയായി കണക്കാക്കുന്നില്ല, ആദ്യത്തേത് പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ്. ആദ്യത്തേത് ചില ബാഹ്യ ഘടകങ്ങളുടെ ആക്രമണത്തിന് വിധേയമായതിനാല്‍ തടസ്സപ്പെട്ടു എന്നാണ് വി എച്ച് പി പറയുന്നത്. അതേസമയം ആള്‍ക്കൂട്ട അക്രമത്തിന് പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ ഫിറോസ്പൂര്‍ ജിര്‍ക്ക എം എല്‍ എ മമ്മന്‍ ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടു.
ഫെബ്രുവരിയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ ഗോസംരക്ഷണത്തിനെതിരെ മമ്മന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. മേവാത് മേഖല അനധികൃത പശുക്കടത്തിന്റെ കേന്ദ്രമാണെന്നാണ് അവകാശവാദം. അതേസമയം വി എച്ച് പിയ്ക്ക് പിന്നില്‍ ഖാപ്പുകളാണ് എന്നതാണ് ഹരിയാന സര്‍ക്കാരിന്റെ തലവേദന. ഖാപ് പഞ്ചായത്തുകള്‍ ഹരിയാനയിലെ ഗ്രാമീണ മേഖലയിലെ സ്വാധീനമുള്ളവവരാണ്.
അവര്‍ക്ക് വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പ് സമയത്ത്, പല സ്ഥാനാര്‍ത്ഥികളും ഖാപ്പ് പഞ്ചായത്തിന്റെ 'ആശീര്‍വാദം' തേടാറുണ്ട്. അതിനാല്‍ ശോഭാ യാത്രയ്ക്കെതിരെ ശക്തമായി നടപടിയെടുക്കുന്നത് ഖാപ് വിരുദ്ധമാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.












Click it and Unblock the Notifications