230 കിലോമീറ്റര്‍ താണ്ടി പിതാവെത്തി, മോര്‍ച്ചറിയില്‍ നിന്ന് മകന് പുനര്‍ജന്മമേകാന്‍; ഒഡിഷയിലെ അതിജീവനത്തിന്റെ കഥ
കൊല്‍ക്കത്ത: ഒഡീഷയിലെ ബാലസോറിലുണ്ടായ ദാരുണമായ ട്രെയിന്‍ അപകടം തീരാവേദനയുടേയും ദുഖത്തിന്റേയും വാര്‍ത്തകളാണ് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. അതിനിടയില്‍ പ്രതീക്ഷയുടേയും അതിജീവനത്തിന്റേയും കഥയാണ് ഹേലാറാമിനും ബിശ്വജിത്തിനും പറയാനുള്ളത്. ബംഗാള്‍ സ്വദേശിയായ ഹേലാറാമിന്റെ മകനാണ് ബിശ്വജിത്ത്. രാജ്യം നടുങ്ങിയ ട്രെയിന്‍ അപകടത്തില്‍ മകനായ ബിശ്വജിത്ത് ഇരയായി എന്നറിഞ്ഞതോടെയാണ് ഹേലാറാം ഒഡിഷയിലേക്ക് തിരിച്ചത്.
ഭാര്യാസഹോദരനായ ദീപക് ദാസിനൊപ്പമാണ് ഹേലാറാം ആംബുലന്‍സില്‍ ഒഡിഷയിലേക്ക് തിരിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് ബാലസോറിലേക്ക് 230 കിലോമീറ്റര്‍ യാത്ര ചെയ്‌തെത്തി ബിശ്വജിത്തിനെ അന്വേഷിച്ചെത്തിയ ഹേലാറാമിനും ദീപക് ദാസിനും മകനെ കണ്ടെത്താനായില്ല. ബാലസോറിലെത്തിയ ഇരുവരും ആശുപത്രികളിലൊക്കെ ബിശ്വജിത്തിനെ തിരഞ്ഞ് കയറിയിറങ്ങി. പക്ഷെ എവിടെയും മകനെ കണ്ടെത്താനായില്ല.

ആശുപത്രിയില്‍ ഇല്ലെങ്കില്‍, മൃതദേഹങ്ങള്‍ കൂട്ടിയിട്ട ബഹനാഗ ഹൈസ്‌കൂളില്‍ പോയി നോക്കൂ എന്നാണ് തങ്ങളോട് ഒരാള്‍ പറഞ്ഞത് എന്ന് ദീപക് ദാസ് പറയുന്നു. അത് പ്രകാരം ബഹനാഗ സ്‌കൂളില്‍ എത്തിയ ഇരുവരേയും എതിരേറ്റത് ഒരു താല്‍ക്കാലിക മോര്‍ച്ചറിയായിരുന്നു. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണ് ഉള്ളത് എന്നും ബോഡി തിരിച്ചറിയണം എന്നും അധികൃതര്‍ ഹേലാറാമിനോട് ആവശ്യപ്പെട്ടു.
ചേതനയറ്റ മൃതദേഹങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ ഒരു കൈ വിറയ്ക്കുന്നത് അവര്‍ ശ്രദ്ധിച്ചു. ബിശ്വജിത്തായിരുന്നു അത്. മരിച്ചെന്ന് കരുതി രക്ഷാപ്രവര്‍ത്തകര്‍ ആരോ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ബിശ്വജിത്തിന് ജീവനുണ്ടെന്ന് മനസിലാക്കിയ ഹേലാറാം മകനെ ഉടന്‍ തന്നെ ബാലസോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 24 കാരനായ ബിശ്വജിത്തിന് അവിടെ അടിയന്തിര വൈദ്യസഹായം ലഭിച്ചു.
മകനെ കട്ടക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം നിരാകരിച്ച് ഹേലാറാമും ദീപക് ദാസും ആംബുലന്‍സില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി. കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലുടനീളം ബിശ്വജിത്ത് അബോധാവസ്ഥയിലായിരുന്നു എന്ന് ആംബുലന്‍സ് ഡ്രൈവര്‍ പലാഷ് പണ്ഡിറ്റ് പറയുന്നു. ബിശ്വജിത്തിന്റെ വലതുകൈയില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നു. കൊല്‍ക്കത്തയിലെത്തിയ ബിശ്വജിത്തിനെ ഇതിനോടകം രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി.
ഇനിയും കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ബിശ്വജിത്ത് എസ്എസ്‌കെഎം ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റില്‍ ആണ്. ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും ബിശ്വജിത്തിന്റെ ആരോഗ്യനില സ്ഥിരമായി തുടരുകയാണ്.ഹൗറയില്‍ ഒരു ചെറിയ കട നടത്തുന്ന ഹേലാറാം വിവരം അറിഞ്ഞയുടന്‍ സംഭവസ്ഥലത്തെത്തിയതാണ് ബിശ്വജിത്തിന് പുനര്‍ജീവനേകിയത്.
പരിക്കേറ്റവരുടെ എണ്ണക്കൂടുതല്‍ കാരണം സൂക്ഷ്മമായി പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സമയം ലഭിക്കാത്തതാവാം ബിശ്വജിത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് എന്നാണ് ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധനായ സോമനാഥ് ദാസ് പറഞ്ഞത്. രക്ഷാപ്രവര്‍ത്തകരില്‍ പലരും ആരോഗ്യപ്രവര്‍ത്തകരായിരുന്നില്ല. ഇത് കാരണം അബോധാവസ്ഥയിലായ ബിശ്വജിത്തിനെ മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയതാകാം എന്നാണ് സോമനാഥ ദാസ് പറയുന്നത്.












Click it and Unblock the Notifications