ഒഡീഷ ട്രെയിൻ അപകടം: ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന്, രക്തം നൽകാൻ പോലീസും നാട്ടുകാരും
ഭുവനേശ്വർ: ഞെട്ടലോടെയാണ് രാജ്യം ഒഡീഷയിലെ ട്രെയിൻ അപകട വാർത്ത കേട്ടത്. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ഇതുവരെ 233 പേർക്കാണ് ജീവൻ നഷ്ടമായത്. 900ൽ അധികം ആളുകൾക്ക് പരിക്ക് പറ്റി. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. വളരെ വേഗത്തിലും പിഴവുകൾ ഒന്നും വരാതേയും രക്ഷാപ്രവർത്തനം നടത്താനുള്ള എല്ലാ ശ്രമങ്ങളും ഉദ്യോഗസ്ഥരുടേയും അധികൃതരുടേയും ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് അപകടം ഉണ്ടായത്. ഒട്ടും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ 200 ആംബുലൻസുകളും, 50 ബസ്സുകളും 45 ഹെൽത്ത് കെയർ യൂണിറ്റുകളും ഇപ്പോൾ അപകടസ്ഥലത്ത് ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറയിച്ചു.

ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് പാളം തെറ്റിയ കോച്ചുകൾക്ക് അടിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുന്നത്. പുലർച്ച മുതൽ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ദുരന്തനിവാരണ ഉദ്യോഗസ്ഥരും ഫയർമാൻമാരും. ചില കാഴ്ചകൾ വിവരിക്കാൻ പറ്റുന്നതിനും അപ്പുറത്താണെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. ഹൃദയം നുറുങ്ങി ഇല്ലാതാവുന്ന കാഴ്ചകളാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണ ഉദ്യോഗസ്ഥർക്ക് പുറമെ നാട്ടുകാരും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനെത്തി. ആളുകളെ പുറത്തേക്ക് എത്തിക്കാനും ലഗേജുകൾ കണ്ടെത്തി കൊടുക്കാനും വെള്ളം എത്തിച്ചുകൊടുക്കാനും നാട്ടുകാർ മുന്നിൽ നിന്നു. യാത്രക്കാരിൽ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ ഉണ്ടായിരുന്നതിനാൽ ആശയവിനിമയം നടത്താൻ മെഡിക്കൽ സ്റ്റാഫുകൾക്ക് ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു. പോലീസുകാരും നാട്ടുകാരും രക്തം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
4 ഒഡീഷ ദുരന്ത നിവാരണ സേന യൂണിറ്റുകൾ, 15 ൽ അധികം അഗ്നിശമന ലേന യൂണിറ്റുകൾ 30 ഡോക്ടർമാർ, 200 പോലീസ് ഉദ്യോഗസ്ഥർ, 60 ആംബുലൻസുകൾ ഇപ്പോൾ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. സൈന്യവും കൂടുതൽ എൻഡിആർഎഫ് സംഘങ്ങളും ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
വ്യോമസേനയും രക്ഷാപ്രവർത്തിന്റെ ഭാഗമാകും എന്നും അധികൃതർ അറിയിച്ചു. ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കാൻ 2000 ത്തിലധികം ആളുകൾ രാത്രി തന്നെ ബാലസോർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒത്തുകൂടി.
പലരും രക്തം ദാനം ചെയ്തു. അഞ്ഞൂറ് യൂണിറ്റ് രക്തം ബാലസോറിൽ ഒറ്റരാത്രികൊണ്ട് ശേഖരിച്ചുവെന്നും നിലവിൽ തൊള്ളായിരം യൂണിറ്റ് സ്റ്റോക്കുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ ചികിത്സിക്കാൻ ഇത് സഹായിക്കുമെന്നും പ്രദീപ് ജെന പറഞ്ഞു . മഹത്തായ ലക്ഷ്യത്തിനായി രക്തം ദാനം ചെയ്ത എല്ലാ സന്നദ്ധപ്രവർത്തകരോടും താൻ വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications