Viral Video- ട്രെയിന്‍ അപകടത്തില്‍ മരിച്ചവരോട് അനാദരവ്, മൃതദേഹങ്ങള്‍ ഗുഡ്‌സ് ഓട്ടോയിലേക്ക് വലിച്ചെറിഞ്ഞു
ന്യൂഡല്‍ഹി: ഒഡിഷയില്‍ 294 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തില്‍ മൃതദേഹങ്ങളോട് അപമര്യാദയായി പെരുമാറി എന്ന് ആക്ഷേപം. ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗുഡ്‌സ് ഓട്ടോയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് രംഗത്തെത്തി.
മൃതദേഹങ്ങള്‍ മര്യാദയില്ലാതെ കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായാണ് ബി വി ശ്രീനിവാസ് വിമര്‍ശിക്കുന്നത്. മൃഗങ്ങളല്ല മനുഷ്യന്‍മാര്‍ ആണിത് എന്ന് പറഞ്ഞ് കൊണ്ടാണ് പ്രസ്തുത വീഡിയോ ബി വി ശ്രീനിവാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഗുഡ്‌സ് ഓട്ടോയില്‍ മൃതദേഹങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതും അതിന് മുകളിലേക്ക് വീണ്ടും മൃതദേഹങ്ങള്‍ കൊണ്ടുവന്ന് വലിച്ചെറിയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ വൈറലായതിന് പിന്നാലെ നടപടിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 294 ആയി. പരിക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് 6.55നാണ് ബാലസോറിലെ ബഹനഗ റെയില്‍വേ സ്റ്റേഷന് സമീപം കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയില്‍ ഇടിച്ച് കയറിയത്.
ये इंसान है, कोई जानवर नही 🙏🙏 pic.twitter.com/OS2hLJ5Pz2
— Srinivas BV (@srinivasiyc) June 3, 2023
ഇതിന് പിന്നാലെ പാളം തെറ്റിയ ബോഗികളില്‍ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കില്‍ പോവുക ആയിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന് മുകളിലേക്ക് വീഴുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇത്. പ്രധാനമമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അപകടത്തിന് കാരണം സിഗ്നല്‍ സംവിധാനത്തിലെ പാളിച്ചയാണ് എന്നും റെയില്‍വേ മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ല എന്നുമാണ് പ്രതിപക്ഷം പറയുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കിഴക്കന്‍ തീരദേശ റൂട്ടില്‍ ആണ് അപകടമുണ്ടായത്.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ പാതയാണ് ഇത്. ഇന്ത്യയുടെ കല്‍ക്കരി, എണ്ണ ചരക്ക് നീക്കങ്ങളുടെ ഭൂരിഭാഗവും നടക്കുന്നതും കിഴക്കന്‍ തീരദേശ റൂട്ടിലൂടെ ആണ്. ലോകത്തിലെ തന്നെ നാലാമത്തെ വലിയ ട്രെയിന്‍ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. പ്രതിദിനം 13 ദശലക്ഷം ആളുകളാണ് റെയില്‍ മാര്‍ഗം രാജ്യത്ത് സഞ്ചരിക്കുന്നത്. ട്രെയിന്‍ മാര്‍ഗം 2022 ല്‍ ഏകദേശം 1.5 ബില്യണ്‍ ടണ്‍ ചരക്ക് നീക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications