രണ്ടല്ല, ഒഡീഷയില്‍ കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകള്‍; ബോഗികളില്‍ ഹൗറ എക്‌സ്പ്രസ് പാഞ്ഞുകയറി
ഭുവനേശ്വര്‍: ഒഡീഷയില്‍ അപകടത്തില്‍പ്പെട്ടത് മൂന്ന് ട്രെയിനുകള്‍. രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് ഒരേസമയം അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊല്‍ക്കത്ത- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം അപകടത്തിൽപ്പെട്ടത്.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെ പാഞ്ഞെത്തിയ ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ബോഗികൾ തൊട്ടടുത്ത പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്കാണ് വീണത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്.

ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം രാത്രി 7.20 ഓടെയാണ് അപകടം. പാളം തെറ്റിയ ബോഗിക്കുള്ളില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. നാട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ നാല് യൂണിറ്റുകളും 60 ആംബുലന്‍സുകളും പരിക്കേറ്റവരെ രക്ഷിക്കാന്‍ വേണ്ടി അപകടമേഖലയിലുണ്ട്.
ബാലസോറില്‍ നിന്ന് 22 അംഗ എന്‍ ഡി ആര്‍ എഫ് സംഘം അപകടസ്ഥലത്ത് എത്തിയതായും 32 അംഗങ്ങള്‍ അടങ്ങുന്ന മറ്റൊരു സംഘം കട്ടക്കില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് 13 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരത്തെ സംസാരിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും നടന്നു. പൊലീസും റെയില്‍വെ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബാലസോര്‍ ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷയിലേക്ക് അയച്ചിട്ടുണ്ട്. സ്ഥലത്ത് വെളിച്ചക്കുറവുള്ളതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനറേറ്ററുകളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 15 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ സോറോയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റുന്നുണ്ടെന്നും ഒഡീഷയിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അഡീഷണല്‍ ഡയറക്ടറേറ്റ് അറിയിച്ചു.












Click it and Unblock the Notifications