ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷ
ദില്ലി: കായിക രംഗത്ത് ചരിത്രമെഴുതി ഒളിംപ്യന്‍ പിടി ഉഷ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായി പിടി ഉഷ നിയമിതയായി. രാജ്യത്തിന്റെ കായിക ഭരണത്തില്‍ പുതിയൊരു തുടക്കമാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നത്. രാജ്യത്തിന്റെ കായിക മേഖലയ്ക്ക് പിടി ഉഷയോളം സംഭാവന നല്‍കിയവര്‍ കുറവാണ്.
1984 ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ നാലാം സ്ഥാനക്കാരിയെന്ന നേട്ടം അവര്‍ക്ക് അവകാശപ്പെട്ടതാണ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേട്ടവും ഉഷയുടെ നേട്ടങ്ങളില്‍ ഉള്ളതാണ്. അതേസമയം ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

സുപ്രീം കോടതി നിയമിച്ച മുന്‍ ജഡ്ജ് എല്‍ നാഗേശ്വര റാവുവിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐഒഎയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന തമ്മിലടിയും പ്രശ്‌നങ്ങളുമാണ് ഇതോടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഐഒഎയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശിച്ചിരുന്നു. ഇല്ലെങ്കിലാണ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടക്കേണ്ടതായിരുന്നു ഐഒഎയിലെ തിരഞ്ഞെടുപ്പ്. എന്നാല്‍ വിഭാഗീയതയെ തുടര്‍ന്ന് ഇത് വൈകുകയായിരുന്നു.
നേരത്തെ തന്നെ ഈ സ്ഥാനത്തേക്ക് പിടി ഉഷ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ ഏക മത്സരാര്‍ത്ഥിയും അവര്‍ തന്നെയായിരുന്നു. ആരും അവര്‍ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല. ജൂലായില്‍ രാജ്യസഭയിലേക്ക് പിടി ഉഷയെ ബിജെപി നാമനിര്‍ദേശം ചെയ്തിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് പയ്യോളി എക്‌സ്പ്രസ് ഒളിംപിക് അസോസിയേഷനില്‍ അറിയപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ആരും എതിര്‍ത്ത് മത്സരിക്കാന്‍ വരാതിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ നേടുകയും, ഒളിംപിക്‌സ് പങ്കെടുക്കുകയും ചെയ്ത ഒരാള്‍ സംഘടനയുടെ തലപ്പ് വരുന്നത് ആദ്യമായിട്ടാണ്.
95 വര്‍ഷത്തെ ചരിത്രമുള്ള സംഘടനയില്‍ നിന്ന് ഇതുവരെ അങ്ങനെ ഒരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല. രണ്ട് ദശാബ്ദത്തോളം ഇന്ത്യന്‍ അത്‌ല്റ്റിക് മേഖലയില്‍ തിളങ്ങി നിന്ന ഉഷയ്ക് ഇതൊരു വലിയ നേട്ടം കൂടിയാണ്. മഹാരാജ യാദവീന്ദ്ര സിംഗിന് ശേഷം രാജ്യത്തെ പ്രതിനിധീകരിക്കുകയും, പിന്നീട് ഐഒഎയുടെ അധ്യക്ഷ സ്ഥാനത്തെത്തുകയും ചെയ്ത ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് പിടി ഉഷ.
യാദവീന്ദ്ര സിംഗ് ഇന്ത്യക്ക് വേണ്ടി 1934ല്‍ ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. ഐഒഎയുടെ മൂന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. 1938 മുതല്‍ 1960 വരെയായിരുന്നു പ്രസിഡന്റ് പദവി അദ്ദേഹം അലങ്കരിച്ചിരുന്നത്.












Click it and Unblock the Notifications