വൈകി വന്നാല്‍ ശമ്പളം പോകും !!! സര്‍ക്കാര്‍ ഓഫീസുകളില്‍ മന്ത്രിമാരുടെ മിന്നല്‍ സന്ദര്‍ശനവും
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈകി എത്തുന്ന ഉദ്യോഗസ്ഥര്‍ കുടുങ്ങും. വൈകിയെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടയാന്‍ മന്ത്രി ഉത്തരവിട്ടു. കൃഷി വകുപ്പിലാണ് ഈ പരിഷ്‌ക്കാരം ആദ്യം നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഈ സമയം പല ഉദ്യോഗസ്ഥന്‍മാരും സീറ്റില്‍ ഉണ്ടായിരുന്നില്ല. പല സേവനങ്ങള്‍ക്കായി ആളുകള്‍ ഓഫീസിന് മുന്നില്‍ കാത്തി നില്‍ക്കുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വൈകിയെത്തുന്ന ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കാന്‍ മന്ത്രി ഉത്തരവിട്ടത്.
കൃഷി മന്ത്രിയെ കൂടാതെ ന്യൂനപക്ഷ മന്ത്രി മൊഹ്‌സിന്‍ റാസയും ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. പല ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്ന് മാത്രമല്ല, മുറികളിൽ ലൈറ്റ്‌സും ഫാനും ഓണ്‍ ആയി കിടക്കുകയും ചെയ്തിരുന്നു. വൈദ്യുതി പാഴാക്കുന്നതിന് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചു. വരും ദിവസങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളില്‍ മന്ത്രിമാരുടെ മിന്നല്‍ പരിശോധന തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ദിവസം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications