'മുസ്ലീങ്ങൾക്ക് മാത്രമേ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയൂ': തന്ത്രം തിരിച്ചടിക്കുമോ, ആയുധമാക്കി ബിജെപി
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായ ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലീം പ്രീണനം ആരോപിച്ച് ബി ജെ പി. മുസ്ലീങ്ങൾക്ക് മാത്രമേ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയൂ എന്ന പാർട്ടി സ്ഥാനാർത്ഥിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്ത് എത്തിയത്.
സിദ്ധ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചന്ദൻ താക്കൂറാണ് വിവാദമായ പ്രസ്താവന നടത്തിയത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഡിസംബർ ഒന്നിനാണ് നടക്കുന്നത്.

കോണ്‍ഗ്രസ് മുസ്ലിം പ്രീണനം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല ട്വിറ്ററില്‍ കുറിച്ചത്. "നഗ്നമായ മുസ്ലീം പ്രീണനം തുടങ്ങിയിരിക്കുന്നു. ഇത് അംഗീരിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് സമം വർഗ്ഗീയത എന്നായിരിക്കുന്നു" ഷെഹ്‌സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.

രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞതിന് ശേഷമാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. "കോൺഗ്രസ് സ്ഥാനാർത്ഥി സിദ്ധ്പൂർ സ്ഥാനാർത്ഥി ചന്ദൻജി താക്കൂർ പറയുന്നു മുസ്ലിങ്ങൾക്ക് മാത്രമേ കോൺഗ്രസിനെ രക്ഷിക്കാൻ കഴിയൂ!! ബിജെപി സർക്കാർ നിങ്ങളുടെ മുത്തലാഖ് ഹജ്ജ് സബ്‌സിഡി നിർത്തലാക്കി എന്ന്''- മറ്റൊരു ട്വീറ്റില്‍ ബി ജെ പി വക്താവ് വ്യക്തമാക്കി.

ഡിസംബർ ഒന്നിന് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന സാഹചര്യത്തില്‍ എല്ലാ പാർട്ടികളും പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് ഇത്തരമൊരു വിവാദം ഉയർന്ന് വന്നത്. ശനിയാഴ്ച നടന്ന ഒരു റാലിയില്‍ വെച്ചായിരുന്നു സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻ താക്കൂർ വിവാദമായ പ്രസ്താവന നടത്തിയത്,

"അവർ (ബി ജെ പി) രാജ്യത്തെ മുഴുവൻ ഒരു കുഴിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. രാജ്യത്തെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് മുസ്ലീം സമൂഹമാണ്. കോൺഗ്രസ് പാർട്ടിയെ ആർക്കെങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ അത് മുസ്ലീം സമുദായമാണ്. ഇതിന്റെ ഒരു ഉദാഹരണം മാത്രം ഞാൻ പങ്കുവെക്കാം. എൻ ആർ സി വിഷയത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലിറങ്ങി. മറ്റൊരു പാർട്ടിയും മുസ്ലീങ്ങൾക്ക് വേണ്ടി നിലകൊണ്ടില്ല. രാജ്യത്തുടനീളം നിങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു പാർട്ടി ഇതാണ്.''- എന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുടെ വാക്കുകള്‍.

നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ച് ഭരണകക്ഷിയായ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം ബി ജെ പി നിങ്ങളെ പല കാര്യങ്ങളിലും ശല്യപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ചു. മുത്തലാഖ് വിഷയത്തിൽ അവർ സുപ്രീം കോടതിയിൽ പോയി നിയമം കൊണ്ടുവന്നു. ഹജ്ജിന് പോകാൻ കോൺഗ്രസ് സബ്‌സിഡി തന്നു. എന്നാൽ ബി ജെ പിയുടെ തെറ്റായ നയങ്ങൾ കാരണം അതും അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ചെറുകിട ബിസിനസുകൾക്ക് ലഭിച്ച സബ്‌സിഡികളും ബി ജെ പി അവസാനിപ്പിച്ചു. ഭാവിയിൽ, അവർ വീണ്ടും തങ്ങളുടെ മസിൽ രാഷ്ട്രീയം അവലംബിക്കാതിരിക്കാൻ, സാഹചര്യങ്ങൾ നിങ്ങളുടെ മുന്നിലാണ്. ഞങ്ങൾ നിങ്ങളെ സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങളില്‍ പ്രതികരിക്കാന്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.












Click it and Unblock the Notifications