കർണാടകയിൽ വീണ്ടും 'ഓപ്പറേഷൻ ലോട്ടസ്'?; സവാദിയും ബിജെപിയിലേക്ക് മടങ്ങിയേക്കും, കൂടെ കോൺഗ്രസ് എംഎൽഎമാരും?
ബെംഗളൂരു: കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകികൊണ്ട് മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബി ജെ പിയിലേക്ക് മടങ്ങി പോയത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ഇപ്പോഴിതാ ഷെട്ടാറിന് പിന്നാലെ ബി ജെ പി വിട്ടെത്തിയ ലക്ഷ്മൺ സവാദിയും മടക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു 'ഓപ്പറേഷൻ ലോട്ടസിന്'കളമൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായിരിക്കുകയാണ്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ബി ജെ പി മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിശ്വസ്തനായ ലക്ഷമൺ സവാദി ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് മുതിർന്ന ലിംഗായത്ത് നേതാവ് കൂടിയായ സവാദിയുടെ കൂടുമാറ്റം. പിന്നാലെ കോൺഗ്രസ് ടിക്കറ്റിൽ അത്താനി മണ്ഡലത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

അതേസമയം ഷെട്ടാറിന്റെ മടക്കത്തോടെ സവാദിയും ഇപ്പോൾ ബി ജെ പിയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഷെട്ടാറിനൊപ്പം തന്നെ സവാദിയുമായി ബി ജെ പി ആർ എസ് എസ് നേതൃത്വം ചർച്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഈശ്വരപ്പ അടക്കമുള്ളവരാണ് സവാദിയേയും തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നതെന്നാണ് സൂചന.
സവാദിയും മടങ്ങിയാൽ അതിൽ യാതൊരു അത്ഭുതമില്ലെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളോട് കോൺഗ്രസ് നേതാക്കളും പ്രതികരിക്കുന്നത്. എന്നാൽ ചില ആശങ്കകളും നേതാക്കൾ പങ്കിടുന്നുണ്ട്. അദ്ദേഹം കോൺഗ്രസിൽ തുടർന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ചില കോൺഗ്രസ് എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഒരു മന്ത്രിയടക്കം പല നേതാക്കളേയും സവാദി ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ വെളിപ്പെടുത്തുന്നു. 2019 ൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കാൻ ചുക്കാൻ പിടിച്ച ബി ജെ പി നേതാക്കളിൽ ഒരാളായിരുന്നു സവാദി.
അതേസമയം മടങ്ങി പോകുമെന്ന വാർത്തകൾ തള്ളി സവാദി രംഗത്തെത്തിയിട്ടുണ്ട്. തന്നെ പാർട്ടിയിലേക്ക് വീണ്ടും ക്ഷണിക്കുന്നുണ്ടെന്നും എന്നാൽ ബി ജെ പിയിലേക്ക് മടങ്ങാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും സവാദി വ്യക്തമാക്കി. '20-25 വർഷത്തോളം ബിജെപിയിൽ പ്രവർത്തിച്ചത് കൊണ്ട് തന്നെ പാർട്ടിയിൽ എനിക്ക് മുതിർന്ന നേതാക്കളും സുഹൃത്തുക്കളും അനുഭാവികളും ഉണ്ട്, പക്ഷേ ഞാൻ തീരുമാനം എടുത്തുകഴിഞ്ഞു, ഇനി കോൺഗ്രസ് വിടുന്ന യാതൊരു പ്രശ്നവുമില്ല', സവാദി പറഞ്ഞു.












Click it and Unblock the Notifications