മണിപ്പൂർ: കറുത്ത വേഷം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ, ബഹളത്തിൽ മുങ്ങി ഇരുസഭകളും
ന്യൂ ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിലെ ഇരുസഭകളും. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതികരിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. പ്രതിഷേധ സൂചകമായി കറുത്ത വേഷം ധരിച്ചാണ് പ്രതിപക്ഷത്തെ എംപിമാര്‍ ഇന്ന് സഭയില്‍ എത്തിയത്.
ഇന്ത്യയുടെ വിദേശനയം സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പ്രസ്താവന നടത്തവേ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. മണിപ്പൂരുമായി ബന്ധപ്പെട്ടുളള മുദ്രാവാക്യങ്ങള്‍ക്ക് മോദി മോദി എന്നുളള വിളികളോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ മറുപടി നല്‍കിയത്. പകരമായി ഇന്ത്യ ഇന്ത്യ എന്ന് പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ചതോടെ ജയശങ്കറിന്റെ പ്രസംഗം ബഹളത്തില്‍ മുങ്ങി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 2 മണിവരെയും രാജ്യസഭ 12 മണി വരെയും നിര്‍ത്തിവെച്ചു. കറുത്ത വേഷം ധരിച്ച് തങ്ങള്‍ പ്രതിഷേധിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍ഷ്ട്യത്തിന് എതിരെയാണെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. മണിപ്പൂരിലെ ജനങ്ങളുടെ മുറിവില്‍ ഉപ്പ് പുരട്ടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത് എന്നും ഗൊഗോയ് ആരോപിച്ചു.
പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകണമെന്നും ദേശസുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും തങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഇവിടെ നിന്ന് പ്രസംഗിക്കുകയാണ്. രാജ്യത്തിന്റെ ഒരു ഭാഗം കത്തിയെരിയുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രധാനമന്ത്രി നിന്ന് പ്രസംഗം നടത്തുകയാണ്. തങ്ങളുടെ കറുത്ത വേഷം പ്രധാനമന്ത്രിയുടെ ഈ ധാര്‍ഷ്ട്യത്തിന് എതിരെയാണ്. മണിപ്പൂര്‍ ഭിന്നിപ്പിക്കപ്പെടുകയും രാജ്യം കത്തുകയും ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ പരിഗണന സ്വന്തം പ്രതിച്ഛായ മാത്രമാണ്, ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications