വഖഫ് ഭേഗദതി ബില്ലിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം; ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: പാർലമെന്റിൽ നാളെ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കാനിരിക്കെ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വഖഫ് ഭേദഗതി ബില്ലിനെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കുകയാണെന്ന് കോൺഗ്രസ്, ശിവസേന (യുബിടി), സിപിഐ (എം) എന്നിവയുൾപ്പെടെയുള്ള പാർട്ടികളുടെ യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ബില്ലിന് പിന്നിലെ സർക്കാർ അജണ്ട ഭിന്നിപ്പിക്കുന്നതാണെന്നും ഇത് പരാജയപ്പെടുത്താൻ പാർലമെന്റിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഖാർഗെ അറിയിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് വഖഫ് ബിൽ ലോക്‌സഭയിൽ ചർച്ചയ്ക്കും പാസാക്കലിനും വേണ്ടി അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രതിപക്ഷ പാർട്ടികൾ തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നത്.

വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും,എതിർത്ത് വോട്ട് ചെയ്യുമെന്നും ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇതോടെ എന്ത് വന്നാലും സഭയിൽ നിന്ന് ഇറങ്ങിപ്പോവാതെ ബില്ലിനെതിരെ പോരാടുകയാണ് പ്രതിപക്ഷ നയമെന്ന് വ്യക്തമാവുകയാണ്. കൂടുതൽ പ്രതിപക്ഷ പാർട്ടികൾ ഇതേ നയം തന്നെയാണ് സ്വീകരിക്കുന്നത്.
സഭയിലെ ചർച്ചയ്ക്കിടെ പ്രതിപക്ഷം ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് സിപിഐ (എം) നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് പറഞ്ഞു. ബിജെപിയും കോൺഗ്രസും തങ്ങളുടെ എല്ലാ ലോക്‌സഭാ എംപിമാർക്കും മൂന്ന് വരി വിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വരെ അവരുടെ സാന്നിധ്യം സഭയിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
ബുധനാഴ്‌ച രാവിലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി എംപിമാരുടെ യോഗവും ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബില്ലിനോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ഈ യോഗത്തിലാവും അന്തിമ തീരുമാനമെടുക്കുക. ഇന്ന് നടന്ന യോഗത്തിൽ എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളും പങ്കെടുത്തിരുന്നു.
2024 ഓഗസ്‌റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) റഫർ ചെയ്‌ത ഭേദഗതി ചെയ്‌ത വഖഫ് ബിൽ ബുധനാഴ്‌ചയാണ് ലോക്‌സഭയിൽ അവതരിപ്പിക്കുക. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഭേദഗതികളോടെ ബിൽ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം. ബില്ലിൽ എട്ട് മണിക്കൂറോളമാണ് ചർച്ച നടക്കുക.
പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് അണിനിരക്കുമ്പോൾ മറുവശത്ത് ബിജെപി സഖ്യകക്ഷികളായ തെലുങ്കുദേശം പാർട്ടി (ടിഡിപി), ജനതാദൾ (യു), എൽജെപി (റാം വിലാസ്) എന്നിവ വഖഫ് ബിൽ പാസാക്കുന്നതിൽ കേന്ദ്ര സർക്കാരിന് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുമായി ബന്ധപ്പെട്ട് സഭ പ്രക്ഷുബ്‌ധമാകുമെന്ന് ഉറപ്പായി കഴിഞ്ഞു.












Click it and Unblock the Notifications