മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും ആവശ്യത്തിലധികം ഓക്‌സിജന്‍, ദില്ലിക്കില്ലെന്ന് എഎപി സര്‍ക്കാര്‍
ദില്ലി: മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അടക്കം കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയെന്നും, എന്നാല്‍ ദില്ലിക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും എഎപി സര്‍ക്കാര്‍. ദില്ലി ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യ തലസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ദില്ലി സര്‍ക്കാര്‍ കേന്ദ്ര അവഗണന കോടതിയില്‍ വിശദീകരിച്ചിരിക്കുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കാനാണ് സാധ്യത.

എല്ലാ സംസ്ഥാനങ്ങള്‍ക്കും അവര്‍ക്ക് വിചാരിച്ചതിനേക്കാളും ആവശ്യപ്പെട്ടതിനേക്കാളും കൂടുതല്‍ ഓക്‌സിജന്‍ ലഭിച്ചു. ദില്ലിയെ മാത്രമാണ് ഇക്കാര്യത്തില്‍ മാറ്റി നിര്‍ത്തിയത്. അതേസമയം ഈ വിഷയം രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്രം മറുപടി നല്‍കി. എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ അധികം ഓക്‌സിജന്‍ ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. ഓക്‌സിജന്‍ ആവശ്യകതയും വിതരണവും കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെടണമെന്ന് കേന്ദ്രം പറഞ്ഞു. എത്രയും വേഗം ഈ വിഷയത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നോ ആവശ്യത്തിലധികം ഓക്‌സിജന്‍ ദില്ലിക്ക് വേണ്ട. പക്ഷേ മതിയായ ഓക്‌സിജന്‍ ലഭിക്കണം. ഈ വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം. കേന്ദ്രം നല്‍കുന്ന സത്യവാങ്മൂലത്തെ ആശ്രയിച്ചായിരിക്കും തങ്ങളുടെ വിധി. പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മാണം വേഗത്തിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധാരണ ഇത്തരം വിഷയങ്ങള്‍ എല്ലാവര്‍ക്കുംഅറിയുന്നതാണ്. എന്നാല്‍ നിലവില്‍ കേന്ദ്രത്തിന് യാതൊരു വിവരവും നല്‍കാനില്ല. കേന്ദ്രം റെംഡിസിവിര്‍ എല്ലാവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ ഡിമാന്‍ഡ് വര്‍ധിച്ചു. ഇപ്പോള്‍ ആ ഡിമാന്‍ഡിനനുസരിച്ച് വിതരണം ഇല്ലാത്ത അവസ്ഥയാണെന്നും ദില്ലി സര്‍ക്കാര്‍ പറഞ്ഞു.
മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍
അതേസമയം കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിനെ ഓക്‌സിജന്‍ വിഷയത്തില്‍ ചോദ്യം ചെയ്തിരുന്നു. ദില്ലിയിലെ പോലെ എത്ര സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചിരുന്നു. ജനങ്ങള്‍ മരിച്ച് വീഴുകയാണ്. എന്നാല്‍ നിങ്ങള്‍ ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും കോടതി പറഞ്ഞു. ദില്ലിയില്‍ ഗ്യാസ് ടാങ്കറുകള്‍ എത്താന്‍ എടുക്കുന്ന സമയത്തെയും കോടതി വിമര്‍ശിച്ചു. ഒരു ടാങ്കര്‍ അഞ്ച് ദിവസത്തോളം ഉപയോഗിക്കാമെന്ന വാദമൊക്കെ ഉപേക്ഷിക്കേണ്ടതാണെന്നും കേന്ദ്രത്തോട് കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications