ബിജെപിക്ക് പേജ് പ്രമുഖ്,കോൺഗ്രസിന് വാട്സ്ആപ്പ് ഗ്രൂപ്പും പുതിയ കമ്മിറ്റികളും;കർണാടകത്തിൽ വേറിട്ട തന്ത്രം
ദില്ലി; കോൺഗ്രസിനേയും ബി ജെ പിയേയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ് വരാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. 2019 ൽ കൈവിട്ട ഭരണം തിരിച്ച് പിടിക്കാൻ കോൺഗ്രസും ദക്ഷിണേന്ത്യയിൽ അധികാരത്തിലുള്ള ഏക സംസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രങ്ങൾ ബി ജെ പിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
താഴെ തട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും ചിട്ടയായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിനും വേറിട്ട ആശയങ്ങളാണ് ഇരു പാർട്ടികളും ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി പേജ് കമ്മിറ്റി എന്ന ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ബി ജെ പി. നേരത്തേ 'പേജ് പ്രമുഖിനെ' ബി ജെ പി നിയോഗിച്ചിരുന്നു. വോട്ടോഴ്സ് ലിസ്റ്റിലെ ഓരോ പേജിന്റേയും ചുമതലയാണ് പേജ് പ്രമുഖിന് ഉളളത്. എന്നാൽ ഇക്കുറി ഒരു പേജ് പ്രമുഖും കൂടാതെ മറ്റ് മൂന്ന് സഹ പ്രമുഖിനെ കൂടി നിയോഗിക്കും, കർണാടക യുവമോർച്ച പ്രസിഡന്റ് ഡോ സന്ദീപ് കുമാർ പറഞ്ഞു.

ഓരോ പേജിലും 30-35 വോട്ടർമാരാണ് ഉണ്ടാകുക. കൂടുതൽ സൂഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളാണ് നേതൃത്വം സ്വീകരിക്കുന്നത്. വോട്ടർ പട്ടികയിലെ സമുദായങ്ങളുടെ സാന്നിധ്യം അനുസരിച്ച് ആ സമുദായത്തിലുള്ള നേതാവിനായിരിക്കും ആ ലിസ്റ്റിന്റെ ചുമതല നൽകുക, നേതാക്കൾ പറഞ്ഞു. കൂടാതെ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച ‘ഒരു ബൂത്ത്, പത്ത് യുവാക്കൾ' എന്ന ആശയവും പാർട്ടി പരീക്ഷിക്കും. 'നേരത്തേ ഇത് പൂർണമായി നടപ്പാക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ആറ് മാസമായി എല്ലാ മണ്ഡലങ്ങളിലും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന്' നേതാക്കൾ പറഞ്ഞു. വോട്ടർ പട്ടികയിൽ വ്യാജ പേരുകൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് അംഗത്വ വിതരണ ക്യാമ്പെയിന്റെ ഭാഗമായി ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി. 72 ലക്ഷം അംഗങ്ങളെയാണ് ഇത്തവണ പാർട്ടി ചേർത്തത്. വീടുതൽ കയറിയുള്ള അംഗത്വ വിതരണത്തിൽ ഫെബ്രുവരി 4 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ 2.30 ലക്ഷം പേരെയാണ് ചേർത്തത്. അംഗത്വ വിതരണം വോട്ടർ ഐഡിയുടെ അടിസ്ഥാനത്തിലാണ് നടന്നത്. കൂടാതെ, അംഗത്വ പ്രക്രിയ ഡിജിറ്റലായതിനാൽ, ഞങ്ങൾ എവിടെയാണ് ദുർബലരാണെന്ന് തിരിച്ചറിയാനുള്ള ഡാറ്റ എളുപ്പം ലഭിക്കാൻ സഹായിച്ചുവെന്ന് കർണാടകത്തിൽ അംഗത്വ വിതരണത്തിന്റെ ചുമതലയുള്ള എഐസിസി അംഗം രഘുനന്ദൻ രാമണ്ണ പറഞ്ഞു. താഴെ തട്ടിൽ പ്രവർത്തനം ശക്തമാക്കാനായി ഉടൻ തന്നെ കോൺഗ്രസ് ബൂത്ത്, ബ്ലോക്ക്, പഞ്ചായത്ത് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഇത് സംബന്ധിച്ച് പാർട്ടി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ വ്യക്തമായ പദ്ധതി തയ്യാറാക്കി വരികയാണെന്നും നേതാക്കൾ പറഞ്ഞു.

ഓരോ ബൂത്തുകളിലും 'ഡിജിറ്റൽ യൂത്ത്' പാർട്ടിക്കുണ്ട്. പാർട്ടി പ്രവർത്തനങ്ങൾ താഴെ തട്ടിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണിത്. ഇതു കൂടാതെ 64,000 ബൂത്തുകളിലേക്ക് പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കും. പാർട്ടി ആശയങ്ങൾ പ്രവർത്തകരിലേക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണങ്ങൾ തേടുന്നതിനും ഈ ഗ്രൂപ്പുകൾ ഉപയോഗിക്കുമെന്നും നേതാക്കൾ പറഞ്ഞു.

2018 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യമായിരുന്നു കർണാടക ഭരണം പിടിച്ചത്. അന്ന് 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 80 ഉം ജെഡിഎസിന് 40 സീറ്റുകളുമായിരുന്നു ലഭിച്ചത്. എന്നാൽ ബി ജെ പിയെ പുറത്താക്കാൻ കോൺഗ്രസും ജെ ഡി എസും കൈകോർത്തു. എന്നാൽ സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി 17 ഓളം എം എൽ എമാരെ അടർത്തിയെടുത്ത് സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കുകയായിരുന്നു.












Click it and Unblock the Notifications