ജമ്മു കാശ്മീർ നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ വെടി വെയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം...
ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ സൈന്യം വെടി വെപ്പ് നടത്തി. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈനികർ ചില ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി വെപ്പ് നടത്തിയത്. അതേ സമയം പാക് പ്രകോപനത്തിന് ഉചിതമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.
പാക് സൈന്യത്തോട് സുരക്ഷാ സേന ഉചിതമായി പ്രതികരിച്ചു. ആളപായമൊന്നും ഉണ്ടായിട്ടില്ല അവർ പറഞ്ഞു. ഇന്നലെ രാത്രി നിയന്ത്രണ രേഖയിൽ ചില സ്ഥലങ്ങളിൽ വെടിയുതിർക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെടി വെയ്പ്പിന് ഉചിതമായ മറുപടി നൽകി എന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇരുരാജ്യങ്ങൾക്കും ഇടയിൽ പുതിയ പ്രതിസന്ധി സൃഷ്ടചിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വെടി വെയ്പ്പ് നടന്നത്.

ചൊവ്വാഴ്ചയാണ് പഹൽഗാമിലെ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേർക്ക് പരിക്ക് പറ്റി. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
അതേ സമയം, ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്നിധ്യത്തിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമായും പിൻവലിക്കാൻ ആവാത്തവിധത്തിലും ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചു.
പാകിസ്ഥാന്റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ കരാറിൽ വിഭാവനം ചെയ്തിട്ടുള്ള പോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുകയും കരാർ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിഞ്ജപാനത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.
പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് നയതന്ത്ര - പ്രതിരോധ ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിട്ടുണ്ട്. അട്ടാരി - വാഗ അതിർത്തി അടച്ചു. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെ വിസ, മെഡിക്കൽ വിസ ഉൾപ്പെടെ റദ്ദാക്കുകയും ഏപ്രിൽ 27 നകം രാജ്യം വിടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 വരെ ഇളവുണ്ട്. പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും താത്ക്കാലികമായി നിർത്തി വെച്ചു.












Click it and Unblock the Notifications