പാകിസ്ഥാന്‍ പ്രയോഗിച്ചത് തുർക്കി ഡ്രോണുകള്‍: ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്ഥാന് വന്‍ ആഘാതം
കഴിഞ്ഞ ദിവസം രാത്രിയില്‍ ജമ്മുവും അമൃത്സറും അടക്കമുള്ള അതിർത്തി നഗരങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ച് സൈന്യവും വിദശകാര്യമന്ത്രാലയവും. പാകിസ്ഥാൻ ഇന്ത്യൻ സേനാതാവളങ്ങളെ ലക്ഷ്യമിട്ട് ശക്തമായ പ്രത്യാക്രമണം നടത്തി, പ്രധാനമായും നിയന്ത്രണരേഖയ്ക്ക് സമീപം കനത്ത വെടിവയ്പ്പും ഡ്രോൺ, മിസൈൽ ആക്രമണങ്ങളും അഴിച്ചുവിട്ടു. പഞ്ചാബിലെ ഭട്ടിൻഡ വ്യോമതാവളത്തിന് നേരെയുള്ള ആക്രമണശ്രമം ഉൾപ്പെടെ ഇന്ത്യ വിജയകരമായി നിർവീര്യമാക്കി. ഏകദേശം 400-ഓളം പാക് ഡ്രോണുകൾ തകർത്തെന്നും പത്രസമ്മേളനത്തില്‍ സൈന്യവും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ജമ്മു, കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ച് പ്രതിരോധം തീർത്തു. ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം ഓപ്പറേഷൻ സിന്ദൂർന് ശേഷമുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ വിജയകരമായി ചെറുത്തു. ഏകദേശം 400 ഡ്രോണുകളും പാക് ഏരിയൽ റഡാർ സംവിധാനവും തകർത്ത് പാക് സൈന്യത്തിന് കനത്ത നാശനഷ്ടം വരുത്തി.

പാകിസ്ഥാൻ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടത്തിയ പ്രകോപനപരമായ വെടിവയ്പ്പും ഡ്രോൺ, മിസൈൽ ആക്രമണങ്ങളും, യാത്രാവിമാനങ്ങളെ കവചമാക്കിയുള്ള അപലപനീയമായ നീക്കവും ഇന്ത്യയുടെ പ്രതിരോധ കരുത്തിന് മുന്നിൽ പരാജയപ്പെട്ടു. ഗുരുദ്വാരയെ ലക്ഷ്യമിട്ടെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്ഥാൻ 36 സ്ഥലങ്ങളിൽ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടത്തി. 'ലേ മുതൽ സർ ക്രീക്ക് വരെ ഇന്ത്യൻ സ്ഥലങ്ങളെ ലക്ഷ്യമിട്ട് 300-400 ഡ്രോണുകളുടെ ഒരു കൂട്ടം ആക്രമണം നടത്തി' വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സർക്കാർ ബ്രീഫിംഗിനിടെ പറഞ്ഞു. വിക്രം മിസ്രിക്കൊപ്പം കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വ്യോമിക സിംഗ് എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നമ്മുടെ സായുധ സേന കൈനറ്റിക്, നോൺ-കൈനറ്റിക് മാർഗങ്ങൾ ഉപയോഗിച്ച് നിരവധി പാക് ഡ്രോണുകൾ വെടിവച്ചിട്ടു. ഇന്ത്യയിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടില്ലെന്ന പ്രസ്താവന അവരുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണെന്ന് മിസ്രി പറഞ്ഞു. ഇന്ത്യൻ സായുധ സേന ആനുപാതികമായും മതിയായ രീതിയിലും പ്രതികരിച്ചുവെന്നും അയൽരാജ്യത്തെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചുവെന്നും ഒരു ഡ്രോൺ എഡി റഡാർ സംവിധാനം നശിപ്പിച്ചുവെന്നും മിസ്രി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച പുലർച്ചെ നടന്ന കനത്ത ഷെൽ ആക്രമണത്തിനിടെ, പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് തൊട്ടുപിന്നിൽ ഒരു ഷെൽ പതിച്ചതിനെ തുടർന്ന് രണ്ട് കുട്ടികൾ മരിക്കുകയും അവരുടെ മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തതു.ഈ ആക്രമണത്തിൽ പൂഞ്ചിലെ ഒരു ഗുരുദ്വാരയും തകർക്കപ്പെട്ടു.
ഷെല്ലാക്രമണ സമയത്ത് സ്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും ഭൂരിഭാഗം പേർ സ്കൂളിന്റെ ഭൂഗർഭ ഹാളിൽ അഭയം തേടിയിരുന്നു. സ്കൂൾ പ്രവർത്തനരഹിതമായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായും അദ്ദേഹം വ്യക്തമാക്കി. ഗുരുദ്വാരകൾ, പള്ളികൾ, ക്ഷേത്രങ്ങൾ തുടങ്ങിയ ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ബോധപൂർവം ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് നിന്ദ്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ, പതിവുപോലെ, ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, ജനങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളെ ഇന്ത്യയുടെ മേൽ കെട്ടിവയ്ക്കാൻ പാകിസ്ഥാൻ വ്യാജപ്രചരണം നടത്തുകയാണ്, പ്രത്യേകിച്ച് അമൃത്‌സറിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന തരത്തിൽ.
ഇത്തരം തന്ത്രങ്ങൾ പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും, ഇന്ത്യയിൽ മതസംഘർഷം വളർത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മിശ്രി കുറ്റപ്പെടുത്തി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, കർത്താർപുർ സാഹിബ് ഇടനാഴിയുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications