യുപിയിലെ സഹാറൻപൂരിൽ പലസ്‌തീൻ പതാക ഉയർത്തി; 60 പേർക്കെതിരെ കേസെടുത്തു, 5 പേർ അറസ്‌റ്റിൽ
ലഖ്‌നൗ: ഈദ് ആഘോഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഒരു കൂട്ടം ആളുകൾ പലസ്‌തീൻ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സംഭവത്തിൽ നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുജനങ്ങൾക്ക് കുഴപ്പമുണ്ടാക്കുന്ന പ്രസ്‌താവനകൾ നടത്തി എന്നീ കുറ്റങ്ങൾ ചുമത്തി അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ആകെ 60 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികൾ ഈദ്ഗാഹിൽ നിന്ന് ഘണ്ടാഘറിലേക്ക് പലസ്‌തീൻ പതാക ഉയർത്തിയും അവരെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രകടനം നടത്തിയതായാണ് പോലീസ് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ ഒളിവിലാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുപി പോലീസ് കേസെടുത്തത്.

വൈറലായ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്യുന്നുണ്ടെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി ചില യുവാക്കൾ മറ്റൊരു രാജ്യത്തിന്റെ പതാക ഉയർത്തുന്ന ഒരു വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുവെന്നും ഈ വിഷയം അന്വേഷിച്ചുവരികയാണെന്നും ഇന്നലെ എസ്‌പി വ്യോമ ബിന്ദൽ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രകടനം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തത്. അംബാല റോഡിലെ ഈദ്ഗാഹിൽ പ്രാർത്ഥന നടത്തിയ ശേഷം ഒരു കൂട്ടം യുവാക്കൾ വിദേശ പതാക വീശിയ സമയത്ത് പോലീസും അവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ വിഷയത്തിൽ ഇടപെട്ട പോലീസ് പതാക പിടിച്ചെടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
അടുത്തിടെ ജമ്മു കശ്‌മീരിൽ പലസ്‌തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്തിരുന്നു. ബുദ്ഗാമിൽ നടന്ന പലസ്‌തീൻ അനുകൂല റാലിയിലാണ് നടപടി. ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കി ക്രമസമാധാന നില തകർക്കുവാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പരിപാടിയുടെ സംഘാടകർക്കും അതിൽ പങ്കെടുത്തവർക്കുമെതിരെ കശ്‌മീർ പോലീസ് കേസ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications