'അര്‍ഷാദും എന്റെ മകന്‍.. അഭിനന്ദനങ്ങള്‍'; പാകിസ്ഥാന്‍ താരത്തെ ചേര്‍ത്തുപിടിച്ച് നീരജിന്റെ അമ്മ
മുംബൈ: ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് റെക്കോഡോടെ സ്വര്‍ണം നേടിയ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. നീരജ് ചോപ്രയെ പരാജയപ്പെടുത്തിയാണ് അര്‍ഷാദ് ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. വെള്ളിയില്‍ തങ്ങള്‍ സന്തുഷ്ടരാണ് എന്നും സ്വര്‍ണം നേടിയ അര്‍ഷാദും തന്റെ മകന്‍ തന്നെയാണ് എന്നും സരോജ് ദേവി കൂട്ടിച്ചേര്‍ത്തു.
തന്റെ മകന്റെ ഒളിംപിക്‌സ് പ്രകടനത്തില്‍ സന്തോഷമുണ്ട് എന്നും മടങ്ങിയെത്തിയാല്‍ മകന്റെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാനായി താന്‍ കാത്തിരിക്കുകയാണ് എന്നും സരോജ് ദേവി വ്യക്തമാക്കി. അതേസമയം അതിരുകള്‍ ഭേദിക്കുന്ന സരോജ് ദേവിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയാകെ ഏറ്റെടുത്തിരിക്കുകയാണ്. നീരജിന്റെ പ്രകടനം കണ്ട് അഭിമാനിക്കുന്നു എന്നും ഇത് പാകിസ്ഥാന്റെ ദിനമാണെന്ന് കരുതുകയും ചെയ്യുന്നു എന്നായിരുന്നു നീരജിന്റെ പിതാവ് സതീഷിന്റെ പ്രതികരണം.

'എല്ലാവര്‍ക്കും അവരുടേതായ ദിവസമുണ്ട്. ഇന്ന് പാകിസ്ഥാന്റെ ദിവസമായിരുന്നു. എന്നാല്‍ ഞങ്ങള്‍ വെള്ളി നേടി. അത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്,' സതീഷ് എഎന്‍ഐയോട് പറഞ്ഞു. പാരീസിലെ നീരജിന്റെ വിജയം വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. നീരജിന്റെ മുത്തച്ഛന്‍ ധര്‍മ്മസിംഗ് ചോപ്രയും ചെറുമകന്റെ വിജയത്തോട് പ്രതികരിച്ചു.
'അവന്‍ തന്റെ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും വെള്ളി നേടുകയും രാജ്യത്തിന് ഒരു മെഡല്‍ കൂടി സമ്മാനിക്കുകയും ചെയ്തു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീരജിന്റെ നാട്ടുകാര്‍ ഗ്രാമത്തില്‍ ഒരു വലിയ സ്‌ക്രീന്‍ ക്രമീകരിച്ചാണ് മത്സരം കണ്ടത്. അതേസമയം അത്ലറ്റിക്സില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഒളിംപിക്സ് മെഡല്‍ നേടുന്നത്.
തന്റെ രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ എറിഞ്ഞ നദീം ഒളിമ്പിക് റെക്കോര്‍ഡ് തകര്‍ക്കുക മാത്രമല്ല ജാവലിന്‍ ത്രോകളുടെ എക്കാലത്തെയും പട്ടികയില്‍ ആറാം സ്ഥാനത്തെത്തുകയും ചെയ്തു. 2008 ലെ ബീജിംഗ് ഒളിംപിക്‌സില്‍ നോര്‍വേയുടെ ആന്‍ഡ്രിയാസ് തോര്‍ക്കില്‍ഡ്സന്റെ പേരിലുള്ള 90.57 മീറ്ററായിരുന്നു നേരത്തെയുള്ള ഒളിംപിക് റെക്കോര്‍ഡ്. നീരജ് ചോപ്ര തന്റെ ഏറ്റവും മികച്ച ദൂരമായ 89.45 മീറ്റര്‍ എറിഞ്ഞാണ് വെള്ളി മെഡല്‍ ഉറപ്പിച്ചത്.
88.54 മീറ്റര്‍ എറിഞ്ഞ ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സ് വെങ്കല മെഡല്‍ സ്വന്തമാക്കി. ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. അതേസമയം അര്‍ഷാദിനെ അഭിനന്ദിക്കാന്‍ നീരജും മറന്നില്ല. കളിക്കളത്തിലെ മത്സരങ്ങള്‍ക്കിടയിലും രണ്ട് അത്ലറ്റുകള്‍ക്കിടയിലുള്ള ആഴത്തിലുള്ള ബഹുമാനത്തെയും സൗഹൃദത്തെയും പ്രതീകപ്പെടുത്തുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായി.












Click it and Unblock the Notifications