കൂനൂരിൽ മരണപ്പെട്ടവർക്ക് ആദരവുമായി പാർലമെന്റ്, ബിപിൻ റാവത്തിന്റെ സംസ്‌ക്കാരം പൂർണ സൈനിക ബഹുമതികളോടെ
ദില്ലി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനവ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുളളവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രാജ്യം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മരണപ്പെട്ടവര്‍ക്ക് ആദരസൂചകമായി ഏതാനും സമയം മൗനം ആചരിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെ സംസ്‌ക്കാരം പൂർണ ഔദ്യോഗിക സൈനിക ബഹുമതികളോട് കൂടി നടത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു.
കൂനൂരില്‍ എയര്‍ഫോഴ്‌സ് സംഘം തകര്‍ന്ന ഹെലികോപ്ടറിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കുന്നു ചിത്രങ്ങള്‍
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം സംയുക്ത സേന അന്വേഷിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കോയമ്പത്തൂരില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്ന് ദില്ലിയിലേക്ക് എത്തിക്കുമെന്നും രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു.

Recommended Video
രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം വായിക്കാം: ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്റ്റര്‍ 2021 ഡിസംബര്‍ 8ന് ഉച്ചയോടെ ദുരന്തത്തില്‍പ്പെട്ട ദൗര്‍ഭാഗ്യകരമായ വാര്‍ത്ത അതീവ ദുഖത്തോടെയും ഹൃദയഭാരത്തോട് കൂടിയും ഞാന്‍ അറിയിക്കുകയാണ്. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി പോവുകയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.
ഇന്നലെ രാവിലെ 11.4877ന് സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന വ്യോമസേനയുടെ MI 17V5 ഹെലികോപ്റ്റര്‍ 12.15ന് ആയിരുന്നു വെല്ലിംഗ്ടണില്‍ എത്തേണ്ടിയിരുന്നത്. 12.8ഓട് കൂടി സുലൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ഹെലികോപ്റ്ററുമായുളള ബന്ധം നഷ്ടപ്പെട്ടു. അതേസമയം കൂനൂരിന് അടുത്തുളള കാട്ടില്‍ പ്രദേശവാസികളായ ചിലര്‍ തീ കണ്ട് ചെന്നപ്പോള്‍ തകര്‍ന്ന് കത്തിയമരുന്ന സൈനിക ഹെലികോപ്റ്ററാണ് കണ്ടത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുകയും അപകട സ്ഥലത്ത് നിന്നും രക്ഷപ്പെട്ടവരെ പുറത്ത് എത്തിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ ഉടനെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചു. ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അകപ്പെട്ട 14 പേരില്‍ 13 പേരും മരണത്തിന് കീഴടങ്ങി. സംയുക്ത സൈനിക മേധാവിയുടെ ഭാര്യ മധുലിക രാവത്ത്, അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേശകന്‍ ബ്രിഗേഡിയര്‍ ലഖ്ഭീന്തര്‍ സിംഗ് ലിദ്ദര്‍, സ്റ്റാഫ് ഓഫീസര്‍ ലഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, ഹെലികോപ്റ്റര്‍ ക്രൂ അടക്കമുളള മറ്റ് 9 സൈനികര്‍ എന്നിവരാണ് മരണപ്പെട്ടത്. വിംഗ് കമാന്‍ഡര്‍ പൃഥ്വി സിംഗ് ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിംഗ്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍മാരായ റാണ പ്രതാപ് ദാസ്, അറക്കല്‍ പ്രദീപ്, ഹവീല്‍ദാര്‍ സത്പാല്‍ റായ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ എന്നിവരാണ് മരണപ്പെട്ട സൈനികര്‍. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സംയുക്ത സേന സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications