പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച: പ്രതിഷേധിച്ച 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂദല്‍ഹി: 31 പ്രതിപക്ഷ എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് നടപടി. അധിര്‍ രഞ്ജന്‍ ചൗധരി, ടി ആര്‍ ബാലു, ദയാ നിധി മാരന്‍ എന്നിവര്‍ സസ്‌പെന്‍ഷനിലായ എംപിമാരില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ എംപിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശം സഭയില്‍ അവതരിപ്പിച്ചത്.
ഡിസംബര്‍ 13 ന് സംഭവിച്ച പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്നും സംഭയില്‍ പ്രതിഷേധിച്ചു. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ചേംബറില്‍ പ്രതിഷേധിച്ച എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് 13 പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച നടപടി നേരിട്ടതിന് പിന്നാലെയാണ് പുതിയ സസ്പെന്‍ഷന്‍. ഇതിന് പുറമെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ മൊത്തം 46 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു.
സര്‍ക്കാര്‍ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും പാര്‍ലമെന്റിനെ ബിജെപി ആസ്ഥാനമായാണ് കണക്കാക്കുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിന്റെ ഉന്നതിയിലെത്തി എന്നും അധിര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള സഭയുടെ തീരുമാനവും പാര്‍ലമെന്റ് സുരക്ഷാ ലംഘനവും തമ്മില്‍ ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ സഭയുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രമാണെന്നും ഓം ബിര്‍ള പറഞ്ഞു.
മാണിക്കം ടാഗോര്‍, കനിമൊഴി, പിആര്‍ നടരാജന്‍, വികെ ശ്രീകണ്ഠന്‍, ബെന്നി ബഹനാന്‍, കെ സുബ്രഹ്‌മണ്യം, എസ് വെങ്കിടേശന്‍, മുഹമ്മദ് ജാവേദ് എന്നിവര്‍ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രിയാനാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പി.












Click it and Unblock the Notifications