'കെജ്രിവാൾ തീവ്രവാദിയല്ല, ഈ മണ്ണിന്റെ മകൻ', പഞ്ചാബിലെ കൂറ്റൻ വിജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ
ദില്ലി: പഞ്ചാബില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഭരണം നേടിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പതിയെ ആപ് വേരുറപ്പിക്കുന്നതിന്റെ സൂചന കൂടിയാണിത്. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയതും കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇനി കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ആപ് ആയിരിക്കുമെന്ന് രാഘവ് ഛദ്ദ പറഞ്ഞത് വെറുതേയല്ല.
പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം പലതിനുമുളള മറുപടിയാണ്. തന്നെ തീവ്രവാദി എന്ന് വിളിച്ചവര്‍ക്ക് ജനം നല്‍കിയ മറുപടിയാണ് പഞ്ചാബിലെ വിജയം എന്നാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ''കെജ്രിവാള്‍ തീവ്രവാദിയല്ല എന്നാണ് ജനവിധി. കെജ്രിവാള്‍ ഈ രാജ്യത്തിന്റെ മകനാണ്. കെജ്രിവാള്‍ ദേശസ്‌നേഹിയാണ്. എല്ലാ പാര്‍ട്ടികളും ആപ്പിന് എതിരെയായിരുന്നു. അവര്‍ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുളളൂ. ആര് ജയിച്ചാലും ആപ് ജയിക്കരുത്. വമ്പന്‍ ഗൂഢാലോചനകള്‍ നടന്നു. കെജ്രിവാള്‍ തീവ്രവാദിയാണെന്ന് പ്രചരിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു. എന്നാല്‍ ഇന്ന് ജനവിധിയിലൂടെ ജനം വിളിച്ച് പറഞ്ഞിരിക്കുകയാണ് കെജ്രിവാള്‍ തീവ്രവാദി അല്ലെന്ന്'', അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു.

രാജ്യമെമ്പാടുമുളള ജനങ്ങളോട് ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമാകാന്‍ കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. ദില്ലിയില്‍ നിന്നും ഇന്‍ക്വിലാബ് പഞ്ചാബിലെത്തിയിരിക്കുകയാണ്, ഇനി അത് രാജ്യം മുഴുവന്‍ പടരും, കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ കൂറ്റന്‍ വിജയം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 18ല്‍ ഒതുങ്ങിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും 2 സീറ്റ്. ആം ആദ്മി പാര്‍ട്ടിയുടെ പടയോട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അടക്കമുളളവര്‍ അടിപതറി വീണു. മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിയെ തോല്‍പ്പിച്ചത് മൊബൈല്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന സാധാരണക്കാരനായ ലാഭ് സിംഗ് ഉഗോകെ ആണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. നവ്‌ജ്യോത് സിംഗ് സിദ്ദുവിനേയും ബിക്രം സിംഗ് മജീദിയയേയും തോല്‍പ്പിച്ചത് പാര്‍ട്ടിയിലെ ഒരു സാധാരണ പ്രവര്‍ത്തക ആണെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications