പെട്രോള്‍ വില കുറച്ചു; ഡീസലിന് കൂട്ടി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കെ ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവു വരുത്തി. അതേസമയം, പെട്രോളിയം കമ്പനികള്‍ക്ക് നഷ്ടമുണ്ടാകാത്ത രീതിയില്‍ ഡീസല്‍ വില കൂട്ടുകയും ചെയ്തു. പെട്രോളിന് 3.02 രൂപ കുറച്ചപ്പോള്‍ ഡീസലിന് 1.47 രൂപയാണ് കൂട്ടിയത്.
പെട്രോള്‍ വില രാജ്യതലസ്ഥാനമായ ദില്ലിയില്‍ 56.61 രൂപയായി. തിങ്കളാഴ്ച രാത്രി മുതല്‍ പുതിയ വില നിലവില്‍വന്നു. ഡീസല്‍ വില 46.43 രൂപയായി ഉയര്‍ന്നു. പെട്രോള്‍ കുറച്ചതിന് പിന്നാലെ തീരുവ കൂട്ടി സര്‍ക്കാര്‍ അടുത്തദിവസം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കും. ഫിബ്രുവരി 18ന് 32 പൈസയുടെ കുറവ് വരുത്തിയശേഷമാണ് പെട്രോളിന് വീണ്ടും വിലകുറച്ചത്.
അന്താരാഷ്ട്ര വിപണിയിലെ പെട്രോള്‍ ഡീസല്‍ വില രൂപ-ഡോളര്‍ വിലയില്‍ താരതമ്യപ്പെടുത്തിയാണ് വിലയില്‍ ഏറ്റക്കുറച്ചില്‍ വരുത്തിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലത്തകര്ച്ചയുണ്ടായിട്ടും ഇന്ത്യയില്‍ വിലകുറക്കാത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നതിന് ആനുപാതികമായി തീരുവകൂട്ടി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. തീരുവ വര്‍ധനവിലൂടെ ലഭിക്കുന്ന പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.