പികെയെ കുറിച്ച് അന്വേഷണത്തിനില്ലെന്ന് ഫട്നാവിസ്; യുപിയില്‍ നികുതിയിളവ്
മുംബൈ: ആമിര്‍ഖാന്‍ നായകനായ ബോളിവുഡ് ചിത്രം പികെയെ പറ്റി അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. ചിത്രം ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടെ ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. കേരളത്തിലും ഹൈന്ദവ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തിറങ്ങി. കോഴിക്കോട് സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററിലേക്ക് ഹനുമാന്‍ സേന മാര്‍ച്ച് നടത്തി.

ഹിന്ദു സംഘടനകള്‍ സിനിമക്കെതിരെ രംഗത്ത് വന്നതോടെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തി. സിനിമക്ക് ഉത്തര്‍ പ്രദേശില്‍ നികുതി ഒഴിവാക്കിക്കൊടുക്കുകയാണ് അഖിലേഷ് ചെയ്തിരിക്കുന്നത്.
അന്ധ വിശ്വാസങ്ങളേയും ആള്‍ദൈവങ്ങളേയും നിശിതമായ തമാശയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെ. അതുകൊണ്ട് തന്നെ മതസംഘടനകളുടെ ഭാഗത്ത് നിന്ന് ആദ്യമേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ മുഖ്യമന്ത്രി അതിനെ തള്ളി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. സിനിമയെക്കുറിച്ച് ഒരന്വേഷണവും ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ ഫട്നാവിസ് വ്യക്തമാക്കിയിട്ടുള്ളത്. സിനിമ മഹാരാഷ്ട്രയില്‍ പ്രദര്‍ശനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications