ചൈനയിലെ വിമാനാപകടം; ബോയിംഗ് 737 വിമാനങ്ങളുടെ നീരീക്ഷണം ശക്തമാക്കി ഇന്ത്യ
ബെയ്ജിങ്; ചൈനയിൽ വിമാനം തകർന്ന് 132 പേർ മരിച്ചതിനെത്തുടർന്ന് ബോയിംഗ് 737 ഇന്ത്യൻ വിമാനക്കമ്പനികളുടെ മേൽ നിരീക്ഷണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ സ്‌പൈസ് ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ മൂന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് ബോയിംഗ് 737 വിമാനങ്ങളുള്ളത്. തിങ്കളാഴ്ച നടന്ന അപകടത്തിൽ 132 പേർ മരിച്ചിരുന്നു.
"വിമാന സുരക്ഷ ഗൗരവമുള്ള കാര്യമാണ്, ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി പഠിച്ചുവരികയാണ്. 737 ഫ്ലീറ്റിന്റെ നിരീക്ഷണം വർധിപ്പിച്ച് കൊണ്ടുവരുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്." ചൈനയിലെ അപകടത്തിൽ പ്രതികരിച്ച് അരുൺ കുമാർ പറഞ്ഞു. കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനം ആണ് ഇന്നലെ അപകടത്തിൽ പെട്ടത്. വുഷൗ നഗരത്തിലെ ടെങ്‌സിയാൻ കൗണ്ടിയിൽ തകർന്നുവീണ വിമാനത്തിലെ 123 യാത്രക്കാരും ഒമ്പത് ക്രൂ അംഗങ്ങളും മരിച്ചു. വിമാനത്തിൽ വിദേശികൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ബോയിംഗ് 737-800 ന്റെ ഒരു നൂതന പതിപ്പാണ് ബോയിംഗ് 737 മാക്സ് വിമാനം. രണ്ടും 737 ശ്രേണിയിൽ പെട്ടവയാണ്. വിഷയത്തിൽ പ്രസ്താവന പുറത്തിറക്കണമെന്ന മാധ്യമങ്ങളുടെ അഭ്യർത്ഥനയോട് യുഎസ് ആസ്ഥാനമായുള്ള വിമാന നിർമ്മാതാക്കളായ ബോയിംഗ് പ്രതികരിച്ചില്ല. 2018 ഒക്‌ടോബറിനും 2019 മാർച്ചിനുമിടയിൽ ആറ് മാസത്തിനിടെ രണ്ട് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ അപകടത്തിൽപ്പെട്ട് മൊത്തം 346 പേർ മരിച്ചിരുന്നു. ഈ രണ്ട് അപകടങ്ങളെത്തുടർന്ന്, 2019 മാർച്ചിൽ ഡിജിസിഎ ഇന്ത്യയിൽ ബോയിംഗ് 737 മാക്സ് വിമാനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് ഡിജിസിഎയെ തൃപ്തിപ്പെടുത്തി ആവശ്യമായ സോഫ്‌റ്റ്‌വെയർ തിരുത്തലുകൾ നടത്തിയ ശേഷം, 27 മാസത്തിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിമാനത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് നീക്കാൻ ഡിജിസിഎ തയ്യാറായി.
അതേ സമയം ചൈനയിൽ നടന്ന അപകടത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. വിമാന അപകടത്തിന്റെ കാരണം എന്താണെന്നത് ഇതുവരെയും അറിയാൻ സാധിച്ചിട്ടില്ല. ബോയിങ് 2015 ൽ ചൈന ഈസ്‌റ്റേണിന് കൈമാറിയ വിമാനമാണ് തകർന്നതെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.












Click it and Unblock the Notifications