കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ഞെട്ടിച്ച് പ്രധാനമന്ത്രി
ദില്ലി: ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാന്‍ വേണ്ടിയാണെന്ന് മോദി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു.

കര്‍ഷകരില്‍ ഭൂരിഭാഗവും ദരിദ്രരും സ്വന്തം ഭൂമി പോലും ഇല്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ അഭിവൃദ്ധിക്ക് പ്രാധാന്യം നല്‍കും. ഒരു ലക്ഷം കോടി രൂപ വിളനാശത്തിന് അനുവദിച്ചു. പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം അവര്‍ക്ക് ലഭിക്കുന്നു. പ്രാദേശിക ചന്തകളും തന്റെ സര്‍ക്കാര്‍ ശാക്തീകരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ദുരിതം കണ്ടത് കൊണ്ടാണ് കൃഷി വികാസ് യോജനയ്ക്ക് ഇത്തരം പ്രാധാന്യം നല്‍കുന്നത്. 80 ശതമാനത്തോളം കര്‍ഷകര്‍ക്ക് രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയാണ് ഉള്ളത്. ഈ ഭൂമിയാണ് അവരുടെ ജീവനോപാധിയെന്നും മോദി പറഞ്ഞു.
താങ്ങുവില അടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി വരുമെന്നും മോദി വ്യക്തമാക്കി. കര്‍ഷകര്‍ സമരം പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം നിര്‍ണായക രാഷ്ട്രീയ നീക്കത്തില്‍ ഇത്തവണയും എല്ലാവരെയും പ്രധാനമന്ത്രി ഞെട്ടിച്ചു. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ച് ഒരു വര്‍ഷം തികയുന്നത്. അതേസമയം കര്‍ഷകരുടെ വിജയമാണിതെന്ന് കിസാന്‍ യൂണിയന്‍ പ്രതികരിച്ചു. നവംബര്‍ 26ന് രാജ്യവ്യാപകമായി റാലികളും സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക നിയമം കൊണ്ടുവന്നത് ചെറുകിട കര്‍ഷകരെ സഹായിക്കാനാണ് മോദി പറഞ്ഞു. അതിലൂടെ അവര്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ നല്ല വിലയ്ക്ക് വില്‍ക്കുകയും ചെയ്യാം.
രാജ്യത്തെ എല്ലാ കര്‍ഷകരും കര്‍ഷക സംഘടനകളും ഇതിനെ സ്വാഗതം ചെയ്തിരുന്നു. ചെറുകിട കര്‍ഷകരെ എപ്പോഴും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അവരുടെ പുരോഗതിക്കായി ഞങ്ങള്‍ ചെയ്യുന്ന കാര്യം പരിശുദ്ധമാണ്. എന്നാല്‍ ചില കര്‍ഷകരെ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവരുമായി ചര്‍ച്ച ചെയ്തു. സാധ്യമായ എല്ലാ വഴികളും നോക്കി. നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താനും തയ്യാറായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പല കാര്യങ്ങളും നടന്നു. ഇന്ന് ഞാന്‍ ഈ കര്‍ഷകരോട് മാപ്പുചോദിക്കുകയാണ്. എന്താണ് കാര്‍ഷിക നിയമം കൊണ്ട് ഞങ്ങള്‍ ഉദ്ദേശിച്ചതെന്ന് അവരെ ബോധ്യപ്പെടുത്താനായില്ലെന്നും മോദി സമ്മതിച്ചു.












Click it and Unblock the Notifications