ഇന്ത്യ സഖ്യം ഹിന്ദു വിരുദ്ധര്‍, സനാതനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ തന്നെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. അതിലൂടെ ആയിരം വര്‍ഷം മുമ്പുള്ള അടിമത്തം നിറഞ്ഞ കാലത്തേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന് മോദി മറുപടി നല്‍കുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്ത്യാ സഖ്യം അടുത്തിടെ മുംബൈയില്‍ ഒരു യോഗം സംഘടിപ്പിച്ചു. ഈ അവിശുദ്ധ സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നുള്ള രാഷ്ട്രീയവും, തന്ത്രങ്ങളുമാണ് അവര്‍ ആ യോഗത്തില്‍ എടുത്തതെന്ന് തോന്നുന്നു. അവര്‍ക്ക് രഹസ്യ അജണ്ടയുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെ തന്നെ ആക്രമിക്കുന്നതാണ് ആ അജണ്ട.

ഇന്ത്യക്കാരുടെ വിശ്വാസത്തെ ആക്രമിച്ച്, അവരുടെ ചിന്തകളെ ഇല്ലാതാക്കുകയാണ് ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നത്. രാജ്യത്തെ ആയിരത്തോളം വര്‍ഷം ഒന്നിപ്പിച്ച മൂല്യങ്ങളെയും, പാരമ്പര്യത്തെയും, ആക്രമിക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ അജണ്ടയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ നായകന്മാരും, സനാതന സംസ്‌കാരവും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. സനാതന സംസ്‌കാരത്തെ നശിപ്പിക്കാനാണ് ഈ അവിശുദ്ധ സഖ്യം ശ്രമിക്കുന്നത്.
ദേവി അഹില്യഭായ് ഹോള്‍ക്കറിന്റെ പാരമ്പര്യത്തെയും, സംസ്‌കാരത്തെയുമാണ് അവര്‍ ഇല്ലാതാക്കുന്നത്. റാണി ലക്ഷ്മിഭായിയുടെ കരുത്തായിരുന്ന സനാതനത്തെ ഇല്ലാതാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം. ആ സനാതനത്തെ ഉയര്‍ത്തി പിടിച്ചാണ് റാണി ലക്ഷ്മിഭായ് ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചത്. തന്റെ രാജ്യത്തെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു.
മഹാത്മാ ഗാന്ധി സനാതന ധര്‍മത്തെ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യമായിട്ടാണ് കണക്കാക്കിയിരുന്നത്. ശ്രീരാമനായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. അതുകൊണ്ടാണ് ഗാന്ധിയുടെ അവസാന വാക്കുകള്‍ ഹേ റാം എന്നായത്. സ്വാമി വിവേകാനന്ദനും, ലോകമാന്യ തിലകും സനാതന ധര്‍മത്തില്‍ പ്രചോദിതരായിരുന്നു. അതിന്റെ സംസ്‌കാരമാണ് ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ പല സ്വാതന്ത്ര്യ സമര സേനാനികളെയും പ്രചോദിപ്പിച്ചിരുന്നത്. അവര്‍ ഭാരതത്തില്‍ ജനിക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നതും ഇതേ കാരണത്താലാണെന്നും മോദി പറഞ്ഞു.
വരാനിരിക്കുന്ന ദിവസങ്ങള്‍ സനാതന ധര്‍മത്തെ അവര്‍ കൂടുതല്‍ ശക്തമായി ആക്രമിക്കും. ഈ രാജ്യത്തെയും, സനാതനത്തെയും, ജനങ്ങളെയും സ്‌നേഹിക്കുന്നവര്‍ വളരെ ജാഗരൂകരായിരിക്കണം. അവര്‍ സനാതനത്തെ ഇല്ലാതാക്കി, രാജ്യത്തെ ആയിരം വര്‍ഷം പിന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അത്തരം ശക്തികളെ നമ്മള്‍ എന്ത് വന്നാലും തടയണം. നമ്മുടെ സംഘടനയുടെ കരുത്തിലൂടെ, അത്തരം ശക്തികളുടെ തന്ത്രങ്ങള്‍ വിജയിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications