ഗ്രീസിൽ നിന്നും പ്രധാനമന്ത്രി ബെംഗളൂരുവിലെത്തി; നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ എത്തി. ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിക്കും. ബെംഗളൂരുവിലെ പീന്യയിലുള്ള ഇസ്ട്രാക് ക്യാമ്പസിലാണ് മോദി എത്തുക. ചന്ദ്രയാൻ- 3 ന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിലേക്ക് പോകാതെ അദ്ദേഹം ബെംഗളൂരുവിലേക്ക് എത്തിയത്.
ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത അദ്ദേഹം ഗ്രീസ് സന്ദർശനം നടത്തിയിരുന്നു. അതിന് ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്.

ചന്ദ്രയാൻ -3 ന്റെ വിജയത്തോടെ ഇന്ത്യക്ക് അഭിമാനം നൽകിയ ശാസ്ത്രജ്ഞരുമായി സംവദിക്കുമെന്നും അവരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങൾക്ക് പിന്നിലെ ചാലകശക്തികളെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇസ്ട്രാക് ക്യാമ്പസിൽ എത്തുന്ന മോദി ചന്ദ്രയാൻ ലാൻഗിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങൾ എന്താണെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. ശേഷമായിരിക്കും മോദി ശസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുക. ബെംഗളുരു നഗരത്തിൽ രാവിലെ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം, ദൗത്യം വിജയിച്ചതിന് പിന്നാലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്ര നിമിഷമാണ് ഇതെന്നായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്. ഭൂമിയിൽ സ്വപ്നം കണ്ടു, ചന്ദ്രനിൽ നടപ്പാക്കി. ഇത്തരം ചരിത്ര മുഹൂർത്തങ്ങൾ കാണുമ്പോൾ അഭിമാനം തോന്നുന്നു ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം. പക്ഷേ എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തോടൊപ്പം ആയിരുന്നു. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്, ഇത് ചരിത്ര നിമിഷമാണ്. വികസിത ഇന്ത്യയുടെ കാഹളമാണ് , അദ്ദേഹം പറഞ്ഞു. ഈ വിജയത്തിൽ ഐഎസ്ആർഒ ശസ്ത്രജ്ഞരെ താൻ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.
ബുധനാഴ്ച വൈകീട്ട് 6.04 നായിരുന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.45 ഓടെയാണ് ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചത്. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്.
അതേസമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമാണ് . ജൂലായ് 14 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ വിക്ഷേപിച്ചത്.












Click it and Unblock the Notifications