കുട്ടികളുടെ ഷോയിൽ പ്രധാനമന്ത്രിയെ കളിയാക്കി; കലിപൂണ്ട് ബിജെപി, പരാതിയിൽ സി ടിവിക്ക് കേന്ദ്രത്തിന്റെ നോട്ടീസ്
ദില്ലി: ബിജെപി തമിഴ്‌നാട് ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന പ്രസിഡന്റ് സിടിആര്‍ നിര്‍മല്‍ കുമാര്‍ നല്‍കിയ പരാതിയില്‍ അഭിപ്രായം തേടി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.
അടുത്തിടെ സംപ്രേക്ഷണം ചെയ്ത ഒരു തമിഴ് റിയാലിറ്റി ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു പരാതി. സീ തമിഴ് ടി വി ചാനല്‍ ഇക്കഴിഞ്ഞ ജനുവരി 15ന് സംപ്രേക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ 4 ന് എതിരെയാണ് മന്ത്രാലയത്തിന് പരാതി ലഭിച്ചത്. വിശദാംശങ്ങളിലേക്ക്...

തമിഴില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കുട്ടികളുടെ ഷോയാണ് ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍. റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡില്‍ ബിജെപി പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയുടെ ഒരു കോപ്പി നോട്ടിസിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

എഴ് ദിവസത്തിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ ഷോയില്‍ രണ്ട് കുട്ടി മത്സരാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചുവെന്നായിരുന്നു പരാതിയില്‍ ഉന്നയിക്കുന്ന ആരോപണം.

ഒരു ജനപ്രിയ തമിഴ് ചരിത്ര രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഇംസൈ അരസന്‍ 23 എഎം പുലികേസിയിലെ രാജാവിന്റെയും മന്ത്രിയുടെയും വേഷം ധരിച്ച രണ്ട് കുട്ടികള്‍ സിന്ധ്യ എന്ന രാജ്യത്തിന്റെ ഭരണാധികാരിയെ കളിയാക്കുന്നതാണ് എപ്പിസോഡിലുള്ളത്. കള്ളപ്പണം ഇല്ലാതാക്കാന്‍ കറന്‍സികള്‍ അസാധുവാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു രാജാവിന്റെ കഥയാണ് കുട്ടികള്‍ പരിപാടിയില്‍ വിവരിച്ചത്.

കള്ളപ്പണം ഉന്മൂലനം ചെയ്യുന്നതിനുപകരം രാജാവ് പല നിറങ്ങളിലുള്ള ജാക്കറ്റുകള്‍ ധരിച്ച് കറങ്ങിനടക്കുക മാത്രമാണെന്നും കുട്ടികള്‍ പറയുന്നു. രാജ്യത്തിന്‍രെ നിക്ഷേപ പദ്ധതികളിലെ നയത്തെ കുറിച്ചും കുട്ടികള്‍ പരിഹസിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് എല്ലാം കേട്ട് വേദിയിലുള്ളവരും വിധികര്‍ത്താക്കാളും പൊട്ടിച്ചിരിക്കുന്നതും കാണാം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുട്ടികളുടെ ഈ പരിപാടി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നതാണെന്നാണ് ബിജെപിയുടെ ആരോപണം. 2016ലെ നോട്ട് നിരോധനം എന്ന തീരുമാനത്തിലൂടെ പ്രധാനമന്ത്രിയെ കളിയാക്കിയതെന്നാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്ന വാദം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്.

പ്രധാനമന്ത്രിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ 10 വയസ്സിനടുത്ത് പ്രായമുള്ള കുട്ടികളോട് ബോധപൂര്‍വം ആവശ്യപ്പെട്ടെന്നും ഇത് തടയാന്‍ ചാനല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ച് നിര്‍മ്മല്‍ കുമാര്‍ സീ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചീഫ് ക്ലസ്റ്റര്‍ ഓഫീസര്‍ സിജു പ്രഭാകരന് കത്തയച്ചിരുന്നു.

കൂടാതെ പരിപാടിയുടെ വിധി കര്‍ത്താക്കളെ ബിജെപി ബന്ധപ്പെടുകയും ചെയ്തു. ആ പരിപാടിയുടെ പ്രകടനത്തിന് നടത്തിയ പ്രതികരണം അങ്ങനെയല്ലെന്നും എഡിറ്റ് കണ്ട് ഞെട്ടിയെന്നും അവര്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. മറ്റ് സമയങ്ങളിലെ തങ്ങളുടെ പ്രതികരണങ്ങള്‍ എഡിറ്റ് ചെയ്ത് ഇവിടെ ചേര്‍ത്തിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു, നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. വെബ്സൈറ്റില്‍ നിന്ന് ബന്ധപ്പെട്ട ഭാഗം നീക്കം ചെയ്യുമെന്ന് ചാനല്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തന്റെ കത്തിന് ശേഷം അത് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും നിര്‍മ്മല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications