കേന്ദ്രത്തെ മുട്ടുകുത്തിച്ച കര്‍ഷകരുടെ പോരാട്ടവീര്യം; ഒരു വര്‍ഷം നീളുന്ന പ്രക്ഷോഭം, സമരത്തിന്റെ നാള്‍ വഴികള്‍
ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരിക്കുകയാണ്. 5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കാര്‍ഷിക നിയമം പാസാക്കിയതിന് പിന്നാലെ കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്ന് വിശേഷിപ്പിക്കാം.

കഴിഞ്ഞ വര്‍ഷം നവംബര്‍ 25 നാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉറക്കം കെടുത്തി സമരം ആരംഭിച്ചത്. ദില്ലി ചലോ എന്ന മുദ്രാവാക്യമുയര്‍ത്തി തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തുകൊണ്ടായിരുന്നു സമരത്തിന്റെ ആരംഭം. എന്നാല്‍ ദില്ലിയിലേക്ക് കടക്കാന്‍ പൊലീസ് കര്‍ഷകരെ അനുവദിച്ചില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രവേശനം നിഷേധിച്ചത്.

തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ ഹരിയാനയിലെ അംബാല ജില്ലയില്‍ പോലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. പിന്നീട് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ നിരങ്കരി ഗ്രൗണ്ടില്‍ സമാധാനപരമായ പ്രതിഷേധത്തിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അവരെ അനുവദിച്ചു. പിന്നീട് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി വിട്ട് ബുരാരിയിലെ നിയുക്ത പ്രതിഷേധ സ്ഥലത്തേക്ക് മാറിയാലുടന്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തു.

എന്നാല്‍, ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ അദ്ദേഹത്തിന്റെ വാഗ്ദാനം നിരസിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിയത് തന്റെ സര്‍ക്കാരാണെന്നും മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുടര്‍ന്ന് ഡിംസബര്‍ മൂന്നിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ആ ചര്‍ച്ച വിജയം കണ്ടില്ല.

ഡിസംബര്‍ 5ന് കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയും അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ രാജ്യത്തിന്റെ പിന്തുണ തേടി ഡിംസംബര്‍ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വിവാദമായ മൂന്ന് നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷക നേതാക്കള്‍ നിരസിക്കുകയും നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഡിസംബര്‍ 11ഓടെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിവാദമായ കാര്‍ഷിക നിയമങ്ങളിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതിനിടെ, കര്‍ഷക സമരങ്ങളില്‍ 'തുക്ഡേ തുക്ഡെ' സംഘത്തിന്റെ പങ്കുണ്ടെന്ന് ആരോപിച്ച കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചത് വലിയ വിവാദമായിരുന്നു. കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ നിരാഹാര സമരത്തിലേക്കും കടന്നിരുന്നു. തുടര്‍ന്ന് ഡിസംബര്‍ അവസാനത്തോടെയാണ് ആറാം വട്ട കൂടിക്കാഴ്ച നടന്നെങ്കിലും നിയമം പിന്‍വലിക്കുന്ന തീരുമാനത്തിലേക്ക് എത്തിയില്ല. സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മിലുള്ള ഏഴാം റൗണ്ട് ചര്‍ച്ചയും കര്‍ഷക നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രം സമ്മതിക്കാത്തതിനാല്‍ ആ ചര്‍ച്ചയും അനിശ്ചിതത്വത്തിലായി. ജനുവരി 11 ന് പുതിയ നിയമങ്ങളും പ്രതിഷേധങ്ങള്‍ക്കെതിരായ ഹര്‍ജികളും കേള്‍ക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു.

പിന്നീട് റിപ്പബ്ലിക് ദിനത്തിലാണ് കര്‍ഷക സമരം കൂടുതല്‍ രാജ്യ ശ്രദ്ധ നേടുന്നത്. റിപ്പബ്ലിക് ദിനത്തില്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ന് കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ പരേഡിനിടെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സിംഗു, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയിലേക്കും ചെങ്കോട്ടയിലേക്കും മാര്‍ച്ച് നടത്തി, അവിടെ പോലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തി ചാര്‍ജും നടത്തി. പൊലീസുകാരും കര്‍ഷകരും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് നടന്നത്. ചെങ്കോട്ടയില്‍ ഒരു വിഭാഗം പ്രതിഷേധക്കാര്‍ തൂണുകളിലും മതിലുകളിലും കയറി നിഷാന്‍ സാഹിബ് പതാക ഉയര്‍ത്തുകയും ചെയ്തു.

ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരത്തില്‍ നിരവധി കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കര്‍ഷക സമരം ശക്തമാകുന്നതിനിടെ നിരവധി സെലിബ്രിറ്റികള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ കര്‍ഷകരെ പിന്തുണയ്ക്കുന്ന സെലിബ്രിറ്റികളെ രൂക്ഷമായ ഭാഷയിലാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചത്. പോപ്പ് താരം റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകളും അഭിഭാഷകയുമായ മീന ഹാരിസ് എന്നിവര്‍ കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണിത്.

ഇതിനിടെ, കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ടൂള്‍കിറ്റ് സൃഷ്ടിച്ചവര്‍ക്കെതിരെ രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് 21 കാരി ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ദിഷയ്ക്ക് ജാമ്യം ലഭിച്ചു.

എന്നാല്‍ എന്ത് വന്നാലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കര്‍ഷകര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമരം ശക്തിപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു കര്‍ഷകര്‍. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സമരം പിന്‍വലിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ഇന്ധനവില അടക്കം കേന്ദ്രം കുറച്ചിരുന്നു. ഇപ്പോള്‍ കാര്‍ഷിക നിയമം പിന്‍വലിച്ചത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകാനാണ് സാധ്യത.












Click it and Unblock the Notifications