മെഹുൽ ചോക്സിയുടെ ഗീതാഞ്‍ജലി ഗ്രൂപ്പ് പറ്റിച്ചത് 31 ബാങ്കുകളെ!! രേഖകള്‍ പുറത്ത്
ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് പുറത്ത്. 11,300 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ 5,280 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. മെഹുൽ ചോക്സിയുടെ ഗീതാജ്ഞലി ഗ്രൂപ്പ് 5,280 കോടി രൂപ വിവിധ ബാങ്കുകൾക്കായി തിരിച്ചടയ്ക്കാനുണ്ടെന്നാണ് കേന്ദ്ര ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. ഗീതാജ്ഞലി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണ ഏജൻസികൾക്ക് നിർണായക രേഖകൾ ലഭിച്ചിട്ടുള്ളത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് 11,300 രൂപ തട്ടിച്ചതിന് പിന്നാലെയാണിത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ മെഹുൽ ചോക്സിയും സെലിബ്രിറ്റി വജ്രവ്യാപാരി നീരവ് മോദിയും കുടുംബവും രാജ്യം വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നിന് പിറകേ ഒന്നായി ഓരോ കേസുകൾ പുറത്തുവരുന്നത്.

അന്വേഷണ സംഘത്തിന് നിർണായക രേഖകൾ
ഗീതാഞ‍്ജലി ഗ്രൂപ്പും രാജ്യത്തെ 31 ബാങ്കുകളും തമ്മിലുള്ള കൺസോർഷ്യവും ഉടമ്പടിയുമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടിട്ടുള്ളത്. ഗീതാഞ്ജലി ഗ്രൂപ്പിന് വർക്കിംഗ് ക്യാപിറ്റൽ സംവിധാനത്തിൽ അനുവദിച്ച കൺസോർഷ്യം സംബന്ധിച്ച വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് വേണ്ടിയാണ് വർക്കിംഗ് ക്യാപിറ്റൽ ഫെസിലിറ്റി അനുവദിക്കുന്നത്. എന്നാൽ ഈ തുക ഉപയോഗിച്ച് സ്വത്തുക്കളോ ദീർഘകാലത്തേയ്ക്കുള്ള നിക്ഷേപങ്ങളോ നടത്താൻ കഴിയില്ല. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ മെഹുല്‍ ചോക്സി രാജ്യം വിട്ടതിന് പിന്നാലെയാണ് അന്വേഷണ ഏജന്‍സികൾക്ക് നിർണായക വിവരങ്ങൾ ലഭിക്കുന്നത്. ഇതോടെ ഈ കേസിലും ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

31 ബാങ്കുകൾ ഇരയായി
പഞ്ചാബ് നാഷല്‍ ബാങ്ക് 587 കോടിയുടെ വായ്പയാണ് മെഹുൽ ചോക്സിയുടെ കമ്പനിയ്ക്ക് അനുവദിച്ചിട്ടുള്ളത്. കൺസോർഷ്യത്തിൽ മുമ്പിലുള്ള ഐസിഐസിഐ ബാങ്ക് 405 കോടി രൂപയാണ് കമ്പനിയ്ക്ക് അനുവദിച്ചിട്ടുള്ളത്. കോര്‍പ്പറേഷന്‍ ബാങ്ക്- 297 കോടി, ബാങ്ക് ഓഫ് ബറോഡ- 265 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 206 കോടി, സിൻഡിക്കേറ്റ് ബാങ്ക് 231 കോടി എന്നിങ്ങനെയാണ് മെഹുല്‍ ചോക്സിയുടെ ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ള വായ്പാ തുക. കാനറാ ബാങ്ക്- 195 കോടി, കാത്തലിക് സിറിയൻ ബാങ്ക്- 206 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്ക്- 176 കോടി, ബാങ്ക് ഓഫ് ഇന്ത്യ- 173 കോടി എന്നിവയാണ് ഗീതാഞ്ജലി ഗ്രൂപ്പിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. എന്നാൽ ഗീതാഞ‍്ജലി ഗ്രൂപ്പിന് രാജ്യത്തെ 31 ബാങ്കുകള്‍ അനുവദിച്ച 5,280 കോടി രൂപ പിടിച്ചെടുക്കൽ ഈ ബാങ്കുകൾക്കും വലിയ വെല്ലുവിളിയായിരിക്കും. 2016ലാണ് ബാങ്കുകൾ ഈ തുക ഗീതാഞ്ജലി ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ളത്.

പണികിട്ടിയത് 2016ൽ
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്- 29 കോടി, എസ്ബിഎം ബാങ്ക് , മൗറീഷ്യസ് ലിമിറ്റഡ്- 50 കോടി, സ്റ്റാന്‍ഡേർഡ് ചാറ്റേർഡ് ബാങ്ക്- 100 കോടി, യുണൈറ്റഡ് ബാങ്ക്- 207 കോടി, ആന്ധ്ര ബാങ്ക്- 240 കോടി, അലഹാബാദ് ബാങ്ക്- 419 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര- 24 കോടി, ലക്ഷ്മി വിലാസ്- 30 കോടി, കാരൂര്‍ വൈശ്യ- 30 കോടി, വിജയ ബാങ്ക് 30 കോടി, എസ്ബിഐ 52 കോടി, എസ്ബിബിജെ- 87 കോടി, കർണാടക ബാങ്ക്- 87 കോടി, ഐഡിബിഐ ബാങ്ക്- 99 കോടി, എക്സിം ബാങ്ക്- 109 കോടി, ഒബിസി- 121 കോടി, ജമ്മു കശ്മീർ ബാങ്ക്- 121 കോടി എന്നിവയാണ് തട്ടിപ്പിന് ഇരയായ 31 ബാങ്കുകളില്‍ ചിലത്.

ഐസിഐസിഐ ബാങ്കിന് ചോദ്യാവലി
മെഹുൽ ചോക്സിയുടെ കമ്പനി രാജ്യത്ത് നടത്തിയിട്ടുള്ള മറ്റൊരു സാമ്പത്തിക തട്ടിപ്പ് കൂടി പുറത്തുവന്നതോടെ ഐസിഐസിഐ ബാങ്കിന് വിശദമായ ചോദ്യാവലി കേന്ദ്ര ഏജന്‍സി അയച്ചുനൽകിയിട്ടുണ്ട്. എന്നാൽ ഇതിന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ തിരിച്ചടവ് വൈകുന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് ചില അക്കൗണ്ടുകള്‍ മാത്രം നിലനിർത്തി അവശേഷിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എന്നാൽ ജമ്മു കശ്മീർ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോയിട്ടുള്ളത്. വായ്പാ തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ഗീതാഞ്ജലി ഗ്രൂപ്പിന് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications