'ഒരു ത്രിശൂലം കൂടി ആവാമായിരുന്നു'; കാവി അണിഞ്ഞ് ദസറ ആഘോഷിച്ച് പോലീസ്,വിവാദം.. കുടഞ്ഞ് കോൺഗ്രസ്
ബെംഗളൂരു; കർണാടകയിൽ പുതിയ വിവാദം. ദസറ ദിവത്തിൽ കാവി അണിഞ്ഞുള്ള പോലീസുകാരുടെ ആഘോഷമാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ഉടുപ്പി ജില്ലയിലെ കാപു പോലീസ് സ്റ്റേഷനിലേയും വിജയപുര റൂറലിലേയും ഉദ്യോഗസ്ഥരാണ് ദസറ ദിനത്തിൽ കാവി വസ്ത്രം അണിഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം ചിത്രങ്ങൾ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.

കാവി ഷർട്ടും വെള്ള മുണ്ടും ഷാളുമാണ് പോലീസുകാർ ധരിച്ചിരിക്കുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥർ കുങ്കുമ നിറത്തിലുള്ള സാരിയും ധരിച്ചിട്ടുണ്ട്. എസ് പി ഉൾപ്പെടെയുള്ളവരാണ് വസ്ത്രമണിഞ്ഞത്.അതേസമയം ചിത്രങ്ങൾ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ സംവിധാനങ്ങളെ കാവി പൂശാനുള്ള ശ്രമമാണ് ബി ജെ പി സർക്കാർ നടത്തുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കർണാടകത്തിലും 'ജംഗിൾ രാജ്' നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിദ്ധരാമയ്യ വിമർശിച്ചു. 'എന്തുകൊണ്ടാണ് പോലീസിന്റെ വേഷത്തിൽ മാത്രം മാറ്റം വരുത്തിയത്? അവർക്കൊരു ത്രിശൂലവും കൊടുത്തൂടെ? അതിലൂടെ അക്രമിക്കാനുള്ള അനുമതിയും. ഇതോടെ ജംഗിൾ രാജ് സ്ഥാപിക്കാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും, സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

ഒരു വശത്ത്, സംസ്ഥാനത്ത് സദാചാര പോലീസിംഗിന്റെ പേരിൽ നിരപരാധികളായ യുവാക്കളും യുവതികളും ആക്രമിക്കപ്പെടുന്നു. മറുവശത്ത്, സദാചാര പോലീസ് കേസിലെ പ്രതിയെ മോചിപ്പിക്കാൻ ബി ജെ പി ജനപ്രതിനിധികൾ പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കുന്നു. ഇതൊന്നും കൂടാതെ ചില ഹിന്ദു സംഘടനകൾ ത്രിശൂലം വിതരണം ചെയ്യുകയും പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.ഇതിനെയെല്ലാം മുഖ്യമന്ത്രി പരസ്യമായി തന്നെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത് യഥാർത്ഥത്തിൽ ഒരു സർക്കാർ ഉണ്ടോ?, സിദ്ധരാമയ്യ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

ഗുണ്ടായിസത്തെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത് നിയമങ്ങളെ കുഴിച്ചുമൂടി സംസ്ഥാനത്ത് ജംഗിൾ രാജ് നടപ്പാക്കാൻ തയ്യാറാകുകയാണ് പോലീസ് എന്ന് തോന്നുന്നു, സിദ്ധരാമയ്യ ട്വീറ്റിൽ പറഞ്ഞു. ഇങ്ങനെ പോയാൽ ജനം സ്വന്തം വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരും. കാരണം പുറത്തിറങ്ങുന്നത് ഒരിക്കലും സുരക്ഷിതമല്ല,സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കർണാടകയ്ക്ക് ജനോപകാരപ്രദമായ ഭരണ പാരമ്പര്യമുണ്ടെന്നും ഇത് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ജംഗിൾ രാജല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി ഭരിക്കാൻ സാധിക്കുന്നില്ലേങ്കിൽ രാജിവെച്ച് ഒഴിയാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ തയ്യാറാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും പോലീസിനെതിരെ രംഗത്തെത്തി.ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി നമ്മുടെ പോലീസ് ബാധ്യസ്തരാണ്. ഒരു രാഷ്ട്രീയ സംഘടനയുടെ നിറം ധരിക്കുന്നതിലൂടെ, കർണാടക പോലീസ് ഏതുതരം മാതൃകയാണ് നൽകുന്നത്? വിഷയം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്യും കർണാടക ഡിജിപിയും ഗൗരവമായി തന്നെ പരിശോധിക്കുമോ? ഡി കെ ശിവകുമാർ ട്വീറ്റ് ചെയ്തു.

അതേസമയം സിദ്ധരാമയ്യയ്ക്കെതിരെ ബിജെപി എംഎൽഎ രഘുപതി ഭട്ട് രംഗത്തെത്തി. 'ഉത്സവ ദിവസം സഹപ്രവർത്തകർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുവെന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. പോലീസ് കാവി വസ്ത്രം ധരിക്കുന്നതിൽ എന്താണ് പ്രശ്നം? നിങ്ങൾക്ക് കാവി ഇഷ്ടമല്ല. ടിപ്പു ജയന്തി ദിനത്തിൽ തൊപ്പി ധരിച്ച് വാൾ പിടിച്ച് നിങ്ങൾക്ക് നിൽക്കാം. മുസ്ലീം പള്ളി സന്ദർശിക്കുമ്പോഴും നിങ്ങൾ തൊപ്പി ധരിക്കും. അതെല്ലാം മതേതരത്വം. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന നിങ്ങൾ എല്ലാവരേയും ഒരു പോലെ കാണാൻ തയ്യാറാകണം, എം എൽ എ ട്വീറ്റ് ചെയ്തു.
സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ












Click it and Unblock the Notifications